സൗദി ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ; ഇൻഷൂറൻസടക്കം 440 റിയാൽ ഫീസ്
സൗദി അറേബ്യയുടെ ടൂറിസ മേഖലയിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന സൗദി ടൂറിസ്റ്റ് വിസ പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 49 രാജ്യങ്ങളിലുള്ളവർക്കാണു ആദ്യ ഘട്ടത്തിൽ ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്യുന്നത്.
300 റിയാലാണു സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ ചാർജ്ജ്. 140 റിയാൽ ഇൻഷൂറൻസ് ചാർജ്ജും ചേർത്ത് 440 റിയാലാണു ഒരു ടൂറിസ്റ്റ് നൽകേണ്ടത്.
തുടക്കത്തിൽ 49 രാജ്യങ്ങളിലുള്ളവർക്കാണു ഓൺ അറൈവൽ ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. യൂറോപ്പിൽ നിന്നുള്ള 38 രാജ്യങ്ങൾക്കും യു എസ്, ആസ്ട്രേലിയ, കാനഡ, ന്യൂസിലാൻ്റ് എന്നീ രാജ്യങ്ങൾക്കും 7 ഏഷ്യൻ രാജ്യങ്ങൾക്കുമാണു വിസ ലഭ്യമാകുക.
നിലവിൽ 7 ഏഷ്യൻ രാജ്യങ്ങളിൽ ബ്രൂണെ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, സൗത്ത് കൊറിയ, കസാകിസ്ഥാൻ, ചൈന എന്നിവയാണു ഉൾപ്പെടുന്നത്. മറ്റു രാജ്യങ്ങൾക്ക് സൗദി കോൺസുലേറ്റുകളിൽ നിന്നോ എംബസികളിൽ നിന്നോ നേരിട്ട് അപേക്ഷിക്കുന്നത് വഴി വിസ ലഭ്യമാകുമെന്ന് പ്രമുഖ സൗദി ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ ലഭ്യമല്ല.
വിവിധ രീതികളിലാണു ടൂറിസ്റ്റുകൾക്ക് വിസ ലഭ്യമാകുക. റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ അന്താരാഷ്ട്ര എയർപോർട്ടുകളിലെയും കര വഴി പ്രവേശിക്കാവുന്ന കിംഗ് ഫഹദ് കോസ് വേയിലെയും ബത്ഹയിലെയും കിയോസ്ക് മെഷീനുകൾ വഴി ഓൺ അറൈവൽ വിസ സംവിധാനം ലഭിക്കും.അതത് രാജ്യങ്ങളിലെ സൗദി എംബസികൾ വഴിയോ കോൺസുലേറ്റുകൾ വഴിയോ അപേക്ഷിക്കുകയാണു വിസ ലഭിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം.
ടൂറിസ്റ്റ് വിസ ലഭ്യമാകുന്നതിനുള്ള പേപ്പർ വർക്കുകൾ പൂർത്തീകരിച്ച് പ്രിൻ്റ് എടുക്കുന്ന രീതിയും അവലംബിക്കാം.
വെറും 7 മിനുട്ട് കൊണ്ട് വിസ നടപടികൾ പൂർത്തീകരിക്കുന്ന രീതിയിലാണു പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. സെപ്തംബർ 28 മുതൽ വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും.
ടൂറിസ്റ്റ് വിസയിൽ എത്തുന്ന മുസ്‌ലിംകൾക്ക് ഉംറ തീർത്ഥാടനത്തിനു അവസരം ലഭിക്കും. അതേ സമയം ഹജ്ജ് നിർവ്വഹിക്കാൻ അനുമതിയില്ല.
18 വയസ്സ് തികയാത്തവർക്ക് രക്ഷിതാവ് കൂടെ ഉണ്ടെങ്കിൽ മാത്രമേ ടൂറിസ്റ്റ് വിസ അനുവദിക്കുകയുള്ളൂ.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 5 സ്ഥലങ്ങൾ ഉൾപ്പടെ 10,000 ടൂറിസ്റ്റ് ലൊക്കേഷനുകൾ സൗദിയിൽ നിലവിലുണ്ടെന്ന് സൗദി ടൂറിസം വകുപ്പ് വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa