Sunday, September 22, 2024
GCCഅനുഭവം

ഗൾഫിലെ ബാച്ചിലർ റൂമിലെ മെസ്സ്

ബാച്ചിലർ റൂമുകളിൽ ഏറ്റവും വലിയ പ്രശ്നം ഏതെന്ന് ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ ആരും പറയും മെസ്സ് എന്ന്, അതുതന്നെയാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യവും.!

ഞാൻ കുവൈത്തിൽ എത്തി പിറ്റേദിവസം മുതൽ റൂമിലെ ഓരോരുത്തരായി ചോദിക്കാൻ തുടങ്ങി.നിനക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയാമോ? ഒരു ചായപോലും ഉണ്ടാക്കാൻ അറിയാത്ത ഞാനെന്തു പറയാൻ..അറിയില്ല എന്ന എന്റെ മറുപടി അവരുടെ മുഖങ്ങളിൽ സന്തോഷം വിടർത്തുന്നത് കണ്ടപ്പോൾ തെല്ല് ആശങ്കയോടെ ആണെങ്കിലും ഞാനും സമാദാനിച്ചു.

അടുക്കളയിലെ വാതിലിന്മേല് പാചകംചെയ്യേണ്ട ഓരോരുത്തരുടെ പേരും ദിവസവും വലിയ വലിയ അക്ഷരങ്ങളിൽ എഴുതി വച്ചിട്ടുണ്ട്.പിറ്റേന്ന് നോക്കുമ്പോൾ ഉണ്ട് ഹെൽപ്പർ എന്ന കോളത്തിനു നേരെ അതിലേറെ വലിയ അക്ഷരത്തിൽ എന്റെ പേരും. അതിലേക്ക് തന്നെ നോക്കി നിൽക്കുന്ന എന്നെ വിളിച്ച് റൂമിലെ ഒരു മഹാൻ ഞാൻ ചെയ്യേണ്ട ഹെൽപർ ജോലികളെല്ലാം വിവരിച്ചുതന്നു.ജോലിയില്ലാതെ റൂമിൽ ഇരിക്കുമ്പോൾ നിനക്ക് ഒരു നേരം പോക്കാവും എന്നും കൂടി പറഞ്ഞപ്പോൾ ഞാനും ആശ്വസിച്ചു.

പിറ്റേന്ന് ഉച്ചക്ക് റൂമിലെ ഒരുത്തന്റെ കാൾ വന്നു. “ചിക്കൻ എടുത്ത് വെള്ളത്തിൽ ഇടൂ..പിന്നെ നാല് ഉള്ളി, രണ്ട് തക്കാളി, ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി,അഞ്ച് പച്ചമുളക്, എല്ലാം കട്ട് ചെയ്തു റെഡിയാക്കാനും പറഞ്ഞു. എന്നാ ഓകെ എന്നു പറഞ്ഞ് ഫോൺ കട്ട്‌ ചെയ്യാൻ നിന്ന എന്നോട് വീണ്ടും പറയാ “ഇതൊക്കെ കട്ട് ചെയ്യുമ്പോഴേക്കും ചിക്കനിലെ ഐസ് പോയിട്ടുണ്ടാവും അതും കൂടി കട്ട്‌ ചെയ്തു മുളക് തേച്ചു വെക്കാനും കൂടി ഓർഡർ തന്ന് സലാം പറഞ്ഞു കാൾ കട്ടാക്കി.

ആറു മണിയോടുകൂടി ജോലികഴിഞ്ഞു എത്തിയ അദ്ദേഹം എല്ലാം ഒന്നിച്ച് കുക്കറിലിട്ട് മസാലയും ചേർത്തിളക്കി മൂന്ന് വിസിൽ വന്നാൽ ഓഫാക്കാനായി എന്നെയും ഏൽപ്പിച് കുളിക്കാനായി ബാത്റൂമിൽ കയറി.എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വെച്ച പാത്രം കൈകലും അടുക്കള വൃത്തിയാക്കലുംകൂടി ഹെൽപറെ ജോലി ആണെന്നതും രാത്രിയോട് കൂടി മനസ്സിലായി.

പിറ്റേ ദിവസവും കോൾ വന്നു.വിളിച്ച ആള് മാറിയിട്ടുണ്ട് ചിക്കനു പകരം മട്ടനും ബാക്കിയൊക്കെ പഴയപടി തന്നെ. മീൻ ആണെങ്കിൽ ഉള്ളിയുടെ എണ്ണം കുറയുമ്പോൾ തക്കാളിയുടെ എണ്ണം കൂടും അത്ര തന്നെ.ഒരാഴ്ച അങ്ങനെ കഴിഞ്ഞുപോയി, എനിക്ക് ഭക്ഷണം ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷത്തിന്റെ പൊരുൾ എനിക്ക് നല്ലവണ്ണം മനസ്സിലായി.

വെള്ളിയാഴ്ച എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ ഞാൻ പറഞ്ഞു, ഹെൽപ്പർ കോളത്തിലെ എന്റെ പേര് മാറ്റി കൊള്ളൂ.ഇത് കേട്ട് കളിയാക്കിക്കൊണ്ട് ഒരു കണ്ണൂർകാരൻ കാക്ക ചോദിച്ചു, “ഒരാഴ്ച കൊണ്ട് തന്നെ മെസ്സ് മടുത്തോ എന്ന്, ഞാൻ പറഞ്ഞു ഇല്ല ഇക്കാ ഹെൽപ്പർ കോളത്തിൽ നിന്നും പേര് മാറ്റി എന്റെ ദിവസം അറിയിച്ചാൽ അന്ന് ഞാൻ ഫുഡ് വെച്ചോളാം.

ഇത് കേട്ടതും എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കുന്നതിനിടയിൽ കോഴിക്കോടുള്ള ഒരിക്ക പറഞ്ഞു. ” ചെങ്ങായിമാരെ ഓൻ മലപ്പുറത്തുള്ള ചെക്കനാ ഓന്റെ അടുത്ത് നമ്മളെ ആ കളി ഒന്നും നടക്കില്ല.. ഇതൊക്കെ അരിഞ്ഞു വെക്കാൻ ഓനെ കൊണ്ട് പറ്റുമെങ്കിൽ അതിലേക്ക് നാല് സ്പൂൺ പൊടികൾ ഇട്ടു അടുപ്പത്ത് വെക്കാനും അവനറിയാം” പിന്നെ അവിടെ ഒരു കൂട്ട ചിരി ആയിരുന്നു.നാളെ എന്ത്‌ ഉണ്ടാക്കും എങ്ങനെ ഉണ്ടാക്കും എന്ന വേവലാതിയിൽ ഈ ഞാനും…

എഴുതിയത്: അനസ് കെ അലി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്