Saturday, November 23, 2024
Riyadh

വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിനോദയാത്ര സംഘടിപ്പിച്ചു.

റിയാദ്: ക്ഷീരോല്‍പ്പാദക രംഗത്ത് ഏഷ്യയിലെ ഏറ്റവും ബൃഹത്തായ ഫാം ഹൗസ് സന്ദര്‍ശനം കൗതുക കാഴ്ചയായി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മററിയുടെ നേത്യത്വത്തിലാണ് അല്‍മറായി ഫാം ഹൗസിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചത്.

സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നിന്നു കാര്‍ഷിക ഗ്രാമമായ അല്‍ഖര്‍ജ് റോഡില്‍ 75 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് അല്‍ മറായി ഫാം ഹൗസില്‍ എത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതില്‍ പരം സന്ദര്‍ശകര്‍ അല്‍ മറായി ഏര്‍പ്പെടുത്തിയ പ്രത്യേക ബസില്‍ രാവിലെ എട്ടിനാണ് യാത്ര പുറപ്പെട്ടത്.

1977ല്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച അല്‍ മറായി കമ്പനി മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡയറി ഫാം ആണ്. 5 ബ്രാന്റുകളിലായി വിവിധ ഇനം ക്ഷീരോല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്.

ശുദ്ധീകരിച്ച ഫ്രഷ് മില്‍ക്, മോര്്, തൈര്, വെണ്ണ, പാല്‍ക്കട്ടി എന്നിവക്കു പുറമെ നിരവധി മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. ഏകദേശം 650ല്‍ പരം ഉല്‍പ്പന്നങ്ങളിണ് അല്‍ മറായി സൗദിയിലും അയല്‍ നാടുകളിലുമായി വിതരണം ചെയ്യുന്നത്.

300 പശുക്കളുമായി പ്രവര്‍ത്തനം ആരംഭിച്ച അല്‍ മറായിക്ക് ഇന്ന് ഏഴ് ഫാമുകളിലായി 1,90,000 പാല്‍ചുരത്തുന്ന മുന്തിയ ഇനം പശുക്കളുണ്ട്. ഓരോ ഏഴ് മിനിറ്റിലും ഒരു പശു പ്രസവിക്കും. വിവിധതരം ജൂസുകളും അല്‍ മറായി വിപണിയിലെത്തിക്കുന്നുണ്ട്. ദിവസവും 25 ലക്ഷം ജ്യൂസ് ബോട്ടിലുകളാണ് പ്രൊഡക്ഷന്‍ നടത്തുന്നത്.

സൗദേശികള്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നായി 42700 ജീവനക്കാരും അത്യാധുനിക സാങ്കേതിക വിദ്യകളോടെ പ്രവര്‍ത്തിക്കുന്ന യന്ത്ര സംവിധാനങ്ങളും അല്‍ മറായിയുടെ കരുത്താണ്.

ജിസിസി, ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങളിലാണ് പ്രധാനമായും അല്‍ മറായി ഉല്‍പ്പാദനവും വിതരണവും നടത്തുന്നത്. വര്‍ഷം 1.5 ബില്യന്‍ ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കാല്‍ അല്‍ മറായി ഫാമിന് ശേഷിയുണ്ട്. 2007ല്‍ ബേക്കറി ഉല്‍പ്പന്നങ്ങളും അല്‍ മറായി വിപണിയിലെത്തിച്ചു. 2 ബില്യന്‍ ബ്രഡ്പാക്കറ്റുകളാണ് വര്‍ഷത്തില്‍ ഉല്‍പാദിപ്പിക്കുന്നത്.

അല്‍ മറായി സന്ദര്‍ശനത്തിന് ശിഹാബ്‌കൊട്ടുകാട്, നൗഷാദ് ആലുവ, മുഹമ്മദലി മരോട്ടിക്കല്‍, ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ പള്ളാതുരുത്തി, അലി ആലുവ, റിജോഷ ്കടലുണ്ടി, ഡോ:സീമ, റമീസ ശിഹാബ്, ബിന്‍സി ജാനിഷ്, റംസീന അസീസ്, സബ്‌റിന്‍ ഷംനാസ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa