പ്രധാനമന്ത്രി നാളെ റിയാദിൽ; വ്യോമ പാത നിഷേധിച്ച് പാകിസ്ഥാൻ
റിയാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ റിയാദിലെത്തും. ആഗാള നിക്ഷേപ സംരംഭങ്ങളുടെ ഭാവി ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ 29,30, 31 തീയതികളിൽ റിയാദിൽ നടക്കുന്ന മൂന്നാമത് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി എത്തുന്നത്.

ഉച്ചകോടിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിന് പുതിയ ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യത്തിൽ സവിശേഷ പ്രാധാന്യമുണ്ട്. ഉച്ചകോടിയിൽ മോദി പ്രഭാഷണം നടത്തും.
പ്രധാനമന്ത്രി ആയതിനു ശേഷം മോദിയുടെ രണ്ടാം സൗദി സന്ദർശനമാണിത്. 2016ലായിരുന്നു ആദ്യ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഈ മാസം തുടക്കത്തിൽ റിയാദ് സന്ദർശിച്ചിരുന്നു.
എട്ട് മാസം മുമ്പ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവുമായും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

അതെ സമയം പ്രധാനമന്ത്രിക്ക് വീണ്ടും പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിക്കുന്നത്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി കാരണമാണ് പാത നിഷേധിക്കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മദ് ഖുറേഷി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa