ഒമാനിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു.
മസ്‌കറ്റ്: ഒമാനിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് വിസ നൽകുന്നത് മാൻപവർ മന്ത്രാലയം ആറുമാസത്തേക്ക് നിർത്തിവച്ചു. നിർമാണ, ശുചീകരണ ജോലികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കാണ് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചത്.
എന്നാൽ നൂറിലധികം തൊഴിലാളികളുള്ള കമ്പനികൾക്ക് തീരുമാനം ബാധകമല്ലെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
നിർമാണ, ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യമേഖല സ്ഥാപനങ്ങളിൽ വിദേശികളെ നിയമിക്കുന്നതിനുള്ള അംഗീകാരമാണ് ആറുമാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.
നൂറോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുന്ന സ്ഥാപനങ്ങൾ, ചെറുകിട വികസനത്തിനായി പബ്ലിക് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ സമയ തൊഴിലുടമകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് തീരുമാനം ബാധകമല്ല എന്നും ഇതുമായി ബന്ധപ്പെട്ടിറങ്ങിയ ആർട്ടിക്കിൾ (2)പറയുന്നു.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന മൊത്തം പ്രവാസികളുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17 ശതമാനം കുറഞ്ഞു. നാഷണൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കനുസരിച്ച്, സുൽത്താനേറ്റിലെ മൊത്തം 1,700,000 വിദേശ തൊഴിലാളികളിൽ 508,690 പേർ 2019 ൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു. 2017 ൽ ഇത് 619,744 പ്രവാസികളായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa