പുസ്തകപ്രേമികൾക്ക് ആവേശം വിതറി ജിദ്ദ ലിറ്റ് എക്സ്പോക്ക് സമാപനം
ജിദ്ദ: ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ തുടക്കം കുറിച്ച ‘ജിദ്ദ ലിറ്റ് എക്സ്പോ’ക്ക് ബുക്ക് ഹറാജോടെ സമാപനമായി. വായിച്ച പുസ്തകങ്ങൾ കൈമാറ്റം ചെയ്യാനും കുറഞ്ഞ വിലക്ക് നേടാനും അതിലൂടെ വായനയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്, ജിദ്ദ പ്രവാസി സമൂഹത്തിലേക്ക് ആദ്യമായി അവതരിപ്പിച്ച ബുക്ക് ഹറാജ് സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ രാമനാരായണ അയ്യർ ഉദ്ഘാടനം ചെയ്തു.
ഷറഫിയ ഇന്ത്യൻ ഇസ്ലാഹി അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫോക്കസ് സി ഒ. സലിം ചളവറ സ്വാഗതം പറഞ്ഞു. ബഷീർ വള്ളിക്കുന്ന്, ഷിയാസ് വി പി , സലാഹ് കാരാടൻ, ജൈസൽ അബ്ദുറഹ്മാൻ (സി.ഇ.ഒ, ഫോക്കസ് ജിദ്ദ) തുടങ്ങിയവർ സംസാരിച്ചു.
ആഴ്ചകൾക്ക് മുമ്പ് തുടങ്ങിയ ഓൺലൈൻ/വാട്സാപ്പ് രജിസ്ട്രേഷൻ വഴി, പുസ്തകം നൽകാൻ തയ്യാറുള്ളവരെ കണ്ടെത്തുകയും അവരിൽ നിന്ന് ശേഖരിച്ച് ആയിരത്തിലധികം പുസ്തകങ്ങൾ വിവിധ ക്യാറ്റഗറികളിലായി തരം തിരിച്ച് കുറഞ്ഞ വിലക്ക് ബുക്ക് ഹറാജിൽ വില്പനക്കെത്തിച്ചത്.
പുസ്തക വില്പന എന്നതിലുപരി, പ്രവാസി സമൂഹത്തിൽ, വായനയേയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫോക്കസ് ഈ ബുക്ക് ഹരാജിലൂടെ ലക്‌ഷ്യം വെച്ചത്. എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ്, എപിജെ അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകൾ, ശശി തരൂരിന്റെ കലാപം, ബിൽ ക്ലിന്റൺ ന്റെ മൈ ലൈഫ് തുടങ്ങി ഇന്ത്യൻ- രാജ്യാന്തര എഴുത്തുകാരുടെയും നോവലുകളും ആത്മകഥകളും കവിതകളും വിദ്യാർഥികൾക്കായി മെഡിക്കൽ എഞ്ചിനീറിങ്ങ് റഫറൻസ് ഗ്രന്ഥങ്ങളും കുട്ടികൾക്കായി ബാലസാഹിത്യകൃതികളും ഉൾപ്പെടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ബുക്ക് ഹറാജിൽ ലഭ്യമാക്കിയിരുന്നു.
പ്രവാസ ലോകത്തെ എഴുത്തുകാരെയും അവരുടെ കൃതികളെയും പ്രവാസ സമൂഹത്തിനു പരിചയപ്പെടുത്താനും അവരുടെ പുസ്തകങ്ങളുടെ വിപണനത്തിനുമായി പ്രത്യേക കൗണ്ടർ ഒരുക്കിയിരുന്നു.
ആയിരത്തിലധികം പുസ്തകങ്ങളും വ്യത്യസ്ത സ്റ്റാളുകളുമായി ‘ബുക്ക് ഹറാജ്’ വൈകിട്ട് നാലുമണിക്കാണ് ആരംഭിച്ചത്. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ പകുതിയോളം പുസ്തകങ്ങൾ വിറ്റു തീർന്നു. ജിദ്ദയിലെ പുസ്തകസ്നേഹികളുടെയും കുട്ടികളുടെയും വൻ പങ്കാളിത്തം പരിപാടിക്ക് മാറ്റ് കൂട്ടി.
പ്രശസ്ത ചിത്രകാരൻ ഒ ബി നാസറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ ശിൽപ്പശാല ‘ഡ്രോയിങ് നാക്സ്’ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശിൽപ്പശാലയിൽ പങ്കെടുത്ത നൂറോളം കുട്ടികളിൽ മികവ് പുലർത്തിയവർക്ക് ആകർഷകമായ സമ്മാനങ്ങളും ഫോക്കസ് ഒരുക്കിയിരുന്നു.
യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി ഒരുക്കിയ ‘ട്രാവൽ കിയോസ്‌ക്’ ൽ സൗദി അറേബ്യയിലെ വിവിധ സ്ഥലങ്ങളെ പരിചയപെടുത്തുന്നതോടൊപ്പം യാത്രയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ചിത്രങ്ങളും ഒരുക്കിയിരുന്നു, കൂടാതെ യാത്രാനുഭവങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കി.
ഹസ്സൻ ചെറുപ്പ , നജീബ് കളപ്പാടൻ , ബഷീർ വള്ളിക്കുന്ന്, പി എം മായിൻകുട്ടി എന്നിവർ ജീവിതത്തിൽ അനുഭവിച്ച യാത്രാനുഭവങ്ങളും യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചും സദസ്സുമായി സംവദിച്ചു.
വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുന്ന ‘റീഡേഴ്സ് സമ്മിറ്റ് ‘ൽ ജിദ്ദയിലെ എഴുത്തുകാരായ സക്കീന ഓമശ്ശേരി , അരുവി മോങ്ങം, സലാം ഒളവട്ടൂർ, തുടങ്ങിയവർ അവരെഴുതിയ പുസ്തകങ്ങളെക്കുറിച്ചും ഇസ്മായിൽ മരിതേരി , കിസ്മത് മമ്പാട് , ഗോപി നെടുങ്ങാടി, പ്രിൻസാദ് പാറായി തുടങ്ങിയവർ അവരുടെ വായനാനുഭവങ്ങളും പങ്കു വെച്ചു .
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ഒരുക്കിയ ‘ഫോട്ടോഗ്രാഫി ബൂത്ത്’ ൽ
ഫോട്ടോ ഷൂട്ട് ടെക്‌നിക്കുകളെക്കുറിച്ചുള്ള അറിവുകൾ ലഭ്യമാക്കി. സ്റ്റാളിൽ, മനോഹരമായൊരു ലൈബ്രറിയുടെ പശ്ചാതലത്തിൽ സെൽഫി ഫോട്ടോ ഷൂട്ടിനും സൗകര്യമൊരുക്കിയിരുന്നു.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയ ഫൺ സോണിൽ വിഷ്വൽ ക്വിസ് ഉൾപ്പെടെ വിവിധ രീതിയിലുള്ള മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിരുന്നു.
ഭക്ഷണ പ്രിയർക്ക് വേണ്ടി ഒരുക്കുന്ന ‘കിച്ചൻ ഹട്ട്’ സ്റ്റാളിൽ പുരാതന രീതിയിലൊരുക്കിയ അടുക്കളയിൽ ആരോഗ്യ മാസികകളും പാചക പുസ്തകങ്ങളും ലഭ്യമാക്കിയിരുന്നു.
ജിദ്ദ ലിറ്റ് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരം, പെയിന്റിംഗ് മത്സരം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വേദിയിൽ വെച്ച് വിതരണം ചെയ്തു.
ഫോക്കസ് ഉപദേശസമിതി അംഗങ്ങളായ പ്രിൻസാദ് പാറായി, ഷക്കീൽ ബാബു , ഫോക്കസ് ഭാരവാഹികളായ റിൻഷാദ്, ജംഷിദ് കെസി, ഗഫൂർ എടക്കര, അബ്ദുൽ ജലീൽ സി എച്ച്, മുസ്തഫാ കമാൽ, ഷമീം വെള്ളാടത്ത്, നിദാൽ സലാഹ് , സെർഹാൻ പരപ്പിൽ , നൗഫൽ കൊച്ചിൻ, ഷഫീഖ് പട്ടാമ്പി , അബ്ദുൽ അഫീൽ, അജ്മൽ എം , നസീഫ് അക്രം , സഫ്‌വാൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa