Tuesday, September 24, 2024
Saudi ArabiaTop Stories

ലെവി; പ്രവാസികൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് സൗദി മന്ത്രി

റിയാദ്: സൗദിയിലെ വിദേശികൾക്ക് നൽകേണ്ട ലെവിയുമായി ബന്ധപ്പെട്ട് പ്രവാസി സമൂഹത്തിന് പ്രതീക്ഷയേകിക്കൊണ്ട് സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ: മാജിദ് അൽ ഖസബിയുടെ പ്രസ്താവന.

റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിൽ മെർച്ചന്റ്സ് കൗൺസിൽ ഉദ്ഘാടന വേളയിൽ വ്യാപാരികളുമായി നടന്ന കുടിക്കാഴ്‌ചയിലാണ് ലെവി അടക്കമുള്ള ഫീസുകളിൽ പ്രതീക്ഷ നൽകുന്ന പ്രസ്താവന മന്ത്രി പുറത്തിറക്കിയത്.

എല്ലാ തരത്തിലുമുള്ള ഫീസുകൾ പുനഃ പരിശോധന നടത്തുന്നതിനുള്ള ഒരു പഠനം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ വിദേശികൾക്കുള്ള ലെവിയും ഉൾപ്പെടുമെന്നുമാണ് മന്ത്രി അറിയിച്ചത്.

വിദേശികൾക്കുള്ള ലെവി സൗദിയിലെ ഓരോ നിക്ഷേപകനെയും ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഫീസുകൾ പുനഃ പരിശോധിക്കുന്നതിന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഉന്നതാധികാര സഭക്ക് സമർപ്പിച്ചിരിക്കുകയാണെന്നന്നും അറിയിച്ചു.

അടുത്ത മാസം മുതൽ ലെവി തുക ഇനിയും കൂടാനിരിക്കെയാണു മന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള നിയമ പ്രകാരം 2020 ജനുവരി മുതൽ, സൗദികളുടെ എണ്ണം 50 ശതമാനത്തിൽ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശികൾക്ക് പ്രതിമാസം 800 റിയാലും 50 ശതമാനത്തിൽ കുടുതലാണെങ്കിൽ 700 റിയാലുമാണ് ലെവി ഇനത്തിൽ നൽകേണ്ടി വരിക.

ഉന്നതാധികാര സഭക്ക് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അംഗീകരിക്കപ്പെടുകയും ലെവിയിൽ ഇളവ് വരികയും ചെയ്‌താൽ അത് സൗദി വാണിജ്യ വ്യവസായ മേഖലയിൽ പുതിയ ഒരു ഉണർവ്വിനു കാരണമായേക്കും.

ഏതാനും ആഴ്ചകൾക്ക് മുമ്പ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലെവി ഇളവ് പ്രഖ്യാപിച്ചതിന് പിറകെ പുതിയ 124 ഫാക്ടറികൾക്ക് മന്ത്രാലയം ലൈസൻസ് നൽകിയ വാർത്ത ഏറെ പ്രതീക്ഷ നൽകുന്നതാണ്.

വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കുള്ള ലെവി ഒഴിവാക്കിയതാണ് പുതിയ ലൈസൻസുകൾ നൽകുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായത്. .

കഴിഞ്ഞയാഴ്ച അടുത്ത വർഷത്തേക്കുള്ള ബജ്ജറ്റ് പ്രഖ്യാപിച്ച ശേഷം ലെവിയിൽ യാതൊരു മാറ്റവും നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ധനകാര്യ മന്ത്രി പ്രസ്താവിച്ചത് പ്രവാസികളുടെ പ്രതീക്ഷ ഇല്ലാതാക്കിയിരുന്നെങ്കിലും സൗദി വാണിജ്യ നിക്ഷേപ മന്ത്രിയുടെ പുതിയ പ്രസ്താവന വീണ്ടും പ്രതീക്ഷ നൽകിയിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്