ഗൾഫിലും നാട്ടിലും സൂര്യ ഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക
വെബ് ഡെസ്ക്: വ്യാഴാഴ്ച ഗൾഫിലും ഇന്ത്യയിലുമെല്ലാം സൂര്യഗ്രഹണം സംഭവിക്കുമെന്നതിനാൽ കുട്ടികളും മുതിർന്നവരുമെല്ലാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രധാനമായും സൂര്യഗ്രഹണം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്. ഒരാൾ നേരിട്ട് നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നത്.
സാധാരണ സമയത്ത് സുര്യനെ നോക്കുമ്പോൾ പ്രകാശമുള്ളതിനാൽ നാം കണ്ണുകൾ ഇറക്കിയടക്കുകയോ ചുളിക്കുകയോ ചെയ്യുന്നതിനാൽ കൃഷ്ണ മണി ചുരുങ്ങി അൾട്രാ വയലറ്റ് രശ്മികൾ റെറ്റിനയിൽ പതിയുന്നത് തടയും. എന്നാൽ ഗ്രഹണ സമയത്ത് സൂര്യനെ നോക്കുമ്പോൾ പ്രകാശം കുറവായതിനാൽ നാം കണ്ണുകൾ അടക്കില്ല. ഇത് അൾട്രാ വയലറ്റ് രശ്മികൾ കണ്ണുകളിലേക്ക് നേരിട്ട് പതിക്കാൻ കാരണമാകും. ഇങ്ങനെ അൾട്രാ വയലറ്റ് രശ്മികൾ കണ്ണിൽ പതിയുന്നത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ വരെ ഇടയാകും.
അത് കൊണ്ട് തന്നെ, സൂര്യഗ്രഹണം കാണാൻ ഏറ്റവും ഉചിതമായ മാർഗ്ഗം സൗര കണ്ണടകളാണ്. ഗുണ നിലവാരമുള്ള സൗര കണ്ണടകൾ തന്നെ നോക്കി വാങ്ങണം.
സൂര്യനിൽ നിന്ന് മുഖം തിരിച്ചതിനു ശേഷം മാത്രമേ കണ്ണട വെക്കാനും എടുക്കാനും പാടുള്ളൂ എന്ന് പ്രത്യേകം ഓർക്കുക. കുട്ടികളെ ഇക്കാര്യം ഓർമ്മിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക.
സൺ ഗ്ളാസ്, ബൈനോക്കുലർ, ടെലിസ്‌കോപ്പ്, മൊബൈൽ കാമറ, എന്നിവ ഉപയോഗിച്ച് സൂര്യഗ്രഹണം കാണാൻ ശ്രമിക്കരുത്. എക്സ്റേ ഫിലിം ഉപയോഗിക്കുന്നതും സുരക്ഷിതമല്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
വ്യാഴാഴ്ച സംഭവിക്കുന്ന വലയ സൂര്യ ഗ്രഹണം 97 വര്ഷം മുമ്പായിരുന്നു സൗദിയിൽ ഉണ്ടായിരുന്നത്. കേരളത്തിൽ വടക്കൻ കേരളത്തിൽ വലയ സൂര്യഗ്രഹണവും തെക്കൻ കേരളത്തിൽ ഭാഗിക സൂര്യ ഗ്രഹണവുമാണ് അനുഭവപ്പെടുക.
വ്യാഴാഴ്ച സൂര്യഗ്രഹണം സംഭവിക്കുമെന്നതിനാൽ സൗദിയിലെ സ്കൂളുകളും കോളേജുകളും ആരംഭിക്കുന്ന സമയത്തിൽ മാറ്റം വരുത്തി അധികൃതർ മുൻ കരുതലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക.
സൗദി സമയം രാവിലെ 05.30 മുതൽ 07.45 വരെയായിരിക്കും സൂര്യഗ്രഹണം സംഭവിക്കുക. കേരളത്തിൽ രാവിലെ 8 നും 11.15 നും ഇടയിലായിരിക്കും സൂര്യ ഗ്രഹണം സംഭവിക്കുക. സൗദിക്കൊപ്പം ഖത്തർ, യു എ ഇ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ഇന്തൊനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലും ഗ്രഹണം സംഭവിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa