ഒമാൻ എയർ കേരളത്തിലേക്ക് അടക്കമുള്ള 700 ൽ അധികം സർവീസുകൾ റദ്ദാക്കി
മസ്കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ, ജനുവരിയിലെ തങ്ങളുടെ 700ൽ അധികം വിമാന സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു.
പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശപ്രകാരമാണ്, ബോയിങ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന സർവീസുകൾ ഒമാൻ എയർ റദ്ദാക്കിയത്. കഴിഞ്ഞ വർഷം എത്യോപ്യയിൽ ഉണ്ടായ വിമാന ദുരന്തത്തെ തുടർന്നാണ് ബോയിങ് 737 മാക്സ് വിമാനങ്ങൾ സർവീസിന് ഉപയോഗിക്കേണ്ട എന്ന് സിവിൽ ഏവിയേഷൻ തീരുമാനമെടുത്തത്.
ജനുവരി 2 മുതൽ 31 വരെയുള്ള 753 സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. റദ്ദാക്കുന്ന സർവീസുകളുടെ വിവരങ്ങൾ ഒമാൻ എയറിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. ലഭ്യമായ അടുത്ത വിമാനങ്ങളിൽ യാത്രക്കാർക്ക് ബദൽ ടിക്കറ്റുകൾ നൽകുമെന്ന് ഒമാൻ എയർ അറിയിച്ചു.
മസ്കറ്റ് കോഴിക്കോട് റൂട്ടിൽ 8 സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മസ്കറ്റിൽ നിന്നും, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്നൗ, കറാച്ചി, തെഹ്റാൻ, കൊളംബോ, സലാല, ഏതൻസ്, അമ്മാൻ, ജയ്‌പൂർ, കാസബ്ലാങ്ക, നൈറോബി, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടും.
ഈ ഫ്ലൈറ്റുകളിൽ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് ഒമാൻ എയറിന്റെ വെബ്‌സൈറ്റിൽ റീബുക്കിങ്ങിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് +96824531111 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ഒമാൻ എയർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa