ലെവി കഴിഞ്ഞ വർഷത്തെ നിരക്കിലേക്ക്കുറക്കണമെന്ന് സൗദി ശൂറ
റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികൾക്ക് തൊഴിലുടമ നൽകേണ്ട ലെവിയും കുടുംബാംഗങ്ങൾക്കുള്ള ലെവിയും 2019 ൽ ഉണ്ടായിരുന്ന നിരക്കിലേക്ക് കുറക്കണമെന്ന് സൗദി ശൂറ കൗൺസിൽ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് സാധ്യതയെക്കുറിച്ച് വിവിധ അതോറിറ്റികളുമായി യോജിച്ച് പഠനം നടത്താൻ സൗദി ശൂറാ കൗൺസിൽ വാണിജ്യ നിക്ഷേപ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില കംബനികൾ പാപ്പരാകാനും മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷരാകാനുമുള്ള കാരണങ്ങൾ പഠിക്കണമെന്നും സൗദി വിഷൻ 2030 നോട് യോജിക്കുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണമെന്നും ശൂറ ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ ഏരിയകളിൽ പല കംബനികളുടെയും സാന്നിദ്ധ്യം ഇല്ലാത്തതും എല്ലാ മേഖലയുടെയും സന്തുലിത വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനു ശ്രമിക്കണമെന്നും ശൂറ ഓർമ്മപ്പെടുത്തി.
ലെവി ചാർജ്ജ് 2020 ജനുവരി മുതൽ പരമാവധി നിരക്കിലാണുള്ളത്. സ്ഥാപനത്തിൽ സൗദികളുടെ എണ്ണം 50 ശതമാനത്തിൽ കുറവാണെങ്കിൽ ഒരു വിദേശിക്ക് പ്രതിമാസം 800 റിയാലും സൗദികൾ 50 ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ ഒരു വിദേശിക്ക് പ്രതിമാസം 700 റിയാലും വീതമാണു ലെവി അടക്കേണ്ടി വരിക.
ഫാമിലി ലെവി നിരക്കും 2020 ജൂലൈ മുതൽ വീണ്ടും വർധിക്കാനിരിക്കുകയാണ്. ഒരു കുടുംബാംഗത്തിനു പ്രതിമാസം 400 റിയാൽ വീതമായിരിക്കും ജൂലൈ മുതലുള്ള നിരക്ക്.
നിലവിലെ പുതിയ ലെവി നിരക്കിൽ നിന്ന് കഴിഞ്ഞ വർഷത്തെ നിരക്കിലേക്ക് കുറക്കുകയാണെങ്കിൽ അത് സൗദിയിലെ വിവിധ സ്ഥാപനങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും ആശ്വാസമായിരിക്കുമെന്നാണു കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa