Wednesday, November 27, 2024
Riyadh

പ്രവാസികളുടെ കൈത്താങ്ങിലാണ് കേരളം നിലനിൽക്കുന്നത് – അനിൽ പനച്ചൂരാൻ

റിയാദ്: പ്രവാസികൾ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഗുണഫലം അനുഭവിക്കുന്നത് കേരളമാണെന്ന് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അഭിപ്രായപ്പെട്ടു. റിയാദ് നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ രണ്ട് സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് കലാകാരന്മാരും പ്രതിഭാധനരും പ്രവാസ ഭൂമിയിൽ ജീവിക്കുന്നുണ്ട്, അവരുടെ അഭാവം കേരളം നേരിടുന്ന നഷ്ടം കൂടിയാണ്.

 
നവോദയയുടെ കഴിഞ്ഞ പത്തുവർഷത്തെ പ്രവർത്തനങ്ങൾ മഹത്തരവും മാതൃകാപരവുമാണ്. പലപ്പോഴും സൗദിയിലേക്കുള്ള ക്ഷണം പലകാരണങ്ങളാൽ വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് സൗദി നല്ല അനുഭവമാണ് തനിക്കു പകർന്നു നൽകുന്നത്.

ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു ചെറിയ ജനസമൂഹം മാത്രം സംസാരിക്കുന്ന മലയാളം എന്ന കൊച്ചു ഭാഷയിൽ കവിത എഴുതുന്ന എന്നെ ഒരു ആഗോള കവിയാക്കുന്നത് ലോകത്തെല്ലായിടത്തും മലയാള ഭാഷയുമായി ജീവിക്കുന്ന കേരളീയരാണ്.

അടിസ്ഥാന ജനവിഭാഗത്തിനൊപ്പം നിൽക്കുക എന്നതാണ് തന്റെ കവിതയും രാഷ്ട്രീയവുമെന്ന്‌ അദ്ദേഹം പറഞ്ഞു. എഴുതാൻ മനസ്സുകൊണ്ട് നിർബന്ധിക്കപ്പെടുമ്പോഴാണ് ഞാൻ കവിതകൾ എഴുതിയിട്ടുള്ളത്, അതൊക്കെ അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയുള്ള കവിതകളാണ് ഏറിയപങ്കും. സദസ്സ് ആവശ്യപ്പെട്ട പ്രകാരം സ്വന്തം കവിതകൾ വേദിയിൽ അദ്ദേഹം ആലപിച്ചു.

നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു.  സെക്രട്ടറി രവീന്ദ്രൻ സംഘടനയുടെ റിപ്പോർട്ടിങ് നടത്തി. ബാബുജി, വിക്രമലാൽ, അഷ്‌റഫ് വടക്കേവിള, സത്താർ കായംകുളം, ജയൻ കൊടുങ്ങല്ലൂർ, അഡ്വ. അജിത്, സലിം കളക്കര, ജോസഫ് അതിരുങ്കൽ, നെബു വർഗ്ഗീസ്,
യഹിയ സഫാമക്ക, ഷാജു വാളപ്പൻ , സബീന എം സാലി എന്നിവർ സംസാരിച്ചു.

തുടർന്ന് പ്രസിദ്ധ പിന്നണി ഗായകൻ കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേള നിറഞ്ഞ സദസ്സിനെ കയ്യിലെടുക്കുന്നതായിരുന്നു. സ്വന്തം ഗാനങ്ങളും യേശുദാസിന്റെ ഹിറ്റ് ഗാനങ്ങളുമായിരുന്നു പ്രധാനമായും ആലപിച്ചത്.

യേശുദാസിന്റെ അതേ സ്വരത്തിൽ ആലപിക്കപ്പെട്ടത് സദസ്സിന് അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർ എം സിയിലെ ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.

അനിൽ പനച്ചൂരാനെ കുറിച്ചും കൊല്ലം അഭിജിത്തിനെ കുറിച്ചും നവോദയയെ കുറിച്ചും സുരേഷ് സോമൻ തയ്യാറാക്കിയ വീഡിയോ പ്രൊഫൈൽ വേദിയിൽ അവതരിപ്പിച്ചു.

അനിൽ പനച്ചൂരാനുള്ള ഉപഹാരം സെക്രട്ടറി രവീന്ദ്രനും, അഭിജിത്തിനുള്ള ഉപഹാരം പ്രസിഡണ്ട് ബാലകൃഷ്ണനും കൈമാറി. അനിൽ പിരപ്പൻകോട്, അഞ്ജു സജിൻ എന്നിവരും അതിഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.

സഫ മക്ക പോളിക്ലിനിക്, വാളപ്പൻ എക്സിം, ജരീർ മെഡിക്കൽ സെന്റർ, അൽഖാദി മെഡിക്കൽ സപ്ലൈസ്, റിയാദ് വില്ലാസ്, പ്രമോദ് തട്ടകം, നവോദയ ലോഗോ ഡിസൈൻ ചെയ്ത സുനിൽ വേളാവൂർ (ബഹ്‌റൈൻ) എന്നിവർക്കും ഫലകങ്ങൾ കൈമാറി. 

“പ്രൗഡ് റ്റു ബി ആൻ ഇന്ത്യൻ” ക്വിസ് മത്സരത്തിൽ റിയാദിൽ നിന്നും വിജയിച്ച നവോദയ കുടുംബവേദി വിദ്യാർത്ഥി മുഹമ്മദ് അക്മൽ ആരിഫിനെ നവോദയ വേദിയിൽ ആദരിച്ചു.

അനാഥൻ എന്ന കവിതയെ ആസ്പദമാക്കി നവോദയ പ്രവർത്തകർ അവതരിപ്പിച്ച “രംഗാവിഷ്‌കാരം” കവിയുടെ പ്രശംസക്ക് പാത്രമായി. കവിയുടെതന്നെ “വലയിൽ വീണ കിളികൾ” എന്ന കവിതയുടെ നൃത്താവിഷ്‌കാരം റിയാദ് മലയാളി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് മിന്നാമിന്നി ഗാവൽസ് കൂട്ടം  അവതരിപ്പിച്ചു.

നവോദയ ഗായകസംഘം അവതരിപ്പിച്ച സംഘഗാനങ്ങൾ, ഡി 5 ഡാൻസ് ഫെയിം ഹരിപ്രിയയും സഹോദരനും കാഴ്ചവെച്ച നൃത്തങ്ങൾ, അലിഫ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, മിന്നാമിന്നി ഗാവൽസ്‌കൂട്ടം അവതരിപ്പിച്ച മാർഗ്ഗം കളി, ദേവികാ നൃത്ത കലാക്ഷേത്ര അവതരിപ്പിച്ച തിരുവാതിര, വൈദേഹി നൃത്ത വിദ്യാലയം അവതരിപ്പിച്ച സെമിക്ലാസ്സിക്കൽ നൃത്തം തുടങ്ങിയവയും വേദിയിൽ അരങ്ങേറി.

വിവിധ പരിപാടികളിൽ  പങ്കെടുത്തവർക്ക്  വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ കൈമാറി. സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.  കുമ്മിൾ സുധീർ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa