നിരത്തുകൾ കുരുതിക്കളമാകുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണം: നവയുഗം
ദമ്മാം: തമിഴ്‌നാട്ടില്‍ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും, കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർ മരണമടഞ്ഞ ദാരുണ സംഭവത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ദിവസേന നടക്കുന്ന അപകടങ്ങൾ കാരണം, നമ്മുടെ റോഡുകൾ കൊലക്കളങ്ങളായി മാറുന്ന അവസ്ഥ ഭീതിജനകമാണ്.
അമിതവേഗത, ഡ്രൈവർമാരുടെ അശ്രദ്ധ, ട്രാഫിക്ക് നിയമങ്ങൾ ലംഘനങ്ങൾ, ലഹരി ഉപയോഗം, റോഡുകളുടെ ശോചനീയാവസ്ഥ, അധികൃതരുടെ അലംഭാവം തുടങ്ങിയ പല കാരണങ്ങൾ കാരണം ഒട്ടേറെ മനുഷ്യജീവനുകളാണ് നിരത്തുകളിൽ ഇല്ലാതാകുന്നത്.
ഒട്ടേറെ കുടുംബങ്ങൾ ഇതിനാൽ വഴിയാധാരമാകുന്നു. ഓരോ വർഷവും രോഗങ്ങൾ വന്നു മരിയ്ക്കുന്നതിനേക്കാളും കൂടുതൽ ആളുകൾ റോഡപകടങ്ങൾ കാരണം മരണമടയുന്നു. അതിലും ഇരട്ടിയിലധികം ആളുകൾ പരിക്ക് പറ്റി ദുരിതത്തിലായി ജീവിയ്ക്കുന്നു.
സർക്കാരിന്റെയും അധികാരികളുടെയും അടിയന്തരശ്രദ്ധ പതിയേണ്ട വിഷയമാണിത്. റോഡപകടങ്ങൾ ഇല്ലാതാക്കാൻ, ആധുനികവും ശാസ്ത്രീയവുമായ ഒരു ഗതാഗത നയവും, ആസൂത്രണങ്ങളും, നിയമങ്ങളും, ബോധവൽക്കരണവും നടപ്പിലാക്കാൻ സർക്കാരുകൾ ശ്രമിയ്ക്കണമെന്ന് നവയുഗം ആവശ്യപ്പെട്ടു.
അവിനാശി അപകടത്തിൽ മരണമടഞ്ഞ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബൈജു, ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് എന്നിവർ, മുൻപ് മനുഷ്യത്വപൂർണ്ണമായ പ്രവർത്തികൾ കാരണം സമൂഹത്തിൽ ഏറെ പ്രശംസ നേടിയ നന്മമരങ്ങളാണ്.
അവരുടെ വിയോഗം ഏറെ വേദനിപ്പിയ്ക്കുന്നു. അപകടത്തിൽ മരണമടഞ്ഞ മുഴുവൻ പേരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും, അവരുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുകയും ചെയ്യുന്നതായി നവയുഗം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa