Sunday, September 22, 2024
Dammamനവയുഗം

ഡൽഹിയിൽ നടക്കുന്നത് സംഘപരിവാർ സ്പോൺസേഡ് വംശീയ ഉന്മൂലനം; നവയുഗം

ദമ്മാം: ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന വർഗ്ഗീയകലാപങ്ങൾ, സംഘപരിവാർ നടപ്പാക്കാൻ ശ്രമിയ്ക്കുന്ന വംശീയ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രായോഗികരൂപം മാത്രമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

സംഘപരിവാർ സ്പോൺസർ ചെയ്ത ഈ വംശീയ ഉന്മൂലനം നടപ്പാക്കുന്നതിന് കേന്ദ്രസർക്കാരും, ഡൽഹി പോലീസും എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നതായി നവയുഗം കുറ്റപ്പെടുത്തി.

പൗരത്വ ബില്ലിനെതിരെ ഒരു മാസത്തിലധികമായി സമരം ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ പാകിസ്ഥാൻ തീവ്രവാദികളായി മുദ്ര കുത്തി, “അവരെ വെടി വെച്ച് കൊല്ലുക” എന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്ന തന്ത്രമാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അടക്കമുള്ള ബിജെപി നേതാക്കളുടേത്. അതുമൂലം രണ്ടു പ്രാവശ്യം പ്രതിഷേധക്കാർക്കെതിരെ സംഘപരിവാർ അനുകൂലികളുടെ വെടിവെയ്പ് വരെ ഉണ്ടായി. ഇതിന്റെ തുടർച്ച എന്നോണം, ഡൽഹി ബിജെപി സംസ്ഥാനഘടകം അധ്യക്ഷൻ കപിൽ മിശ്രയുടെ അക്രമആഹ്വാനപ്രകാരമാണ് ഈ കലാപങ്ങൾക്ക് ഇന്നലെ തുടക്കമായത്.

മുസ്ലീങ്ങളുടെ വീടുകളും, കടകളും തെരഞ്ഞുപിടിച്ച് ആക്രമിയ്ക്കുക, കൂട്ടം ചേർന്ന് അവരെ തല്ലിക്കൊല്ലുക തുടങ്ങിയ അക്രമങ്ങളാണ് സംഘപരിവാർ അക്രമികൾ ഇപ്പോൾ ഡൽഹിയിൽ നടത്തിക്കൊണ്ടിരിയ്ക്കുന്നത്. അക്രമം തടയാതെ, കലാപകാരികൾക്ക് ഒപ്പം നിന്ന് പൗരത്വബിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയുന്ന ഡൽഹി പോലീസിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്.

ഇതുവരെ ഏഴു പേർ കൊല ചെയ്യപ്പെടുകയും, നൂറിലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അക്രമത്തെ ഇല്ലായ്മ ചെയ്യാതെ, വീണ്ടുമൊരു ഗുജറാത്ത് കലാപമാക്കി വളർത്താനുള്ള കേന്ദ്രസർക്കാർ ശ്രമം അത്യന്തം അപലപനീയമാണ്.

രാജ്യതലസ്ഥാനം കത്തിയെരിയുമ്പോൾ, ഡൊണാൾഡ് ട്രംപിന്റെ കൂടെ വീണ വായിച്ചിരിയ്ക്കുന്ന നരേന്ദ്ര മോദിയും, ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രി എന്ന് വിലയിരുത്താവുന്ന അമിത്ഷായും ഇതിനു മറുപടി പറഞ്ഞേ മതിയാകൂ.

മതജാതിവ്യത്യാസം കൂടാതെ ഇന്ത്യൻ പൗരന്മാർ എല്ലാം ഒറ്റക്കെട്ടായി ഈ വർഗ്ഗീയ കലാപകാരികൾക്കെതിരെ നിലപാട് സ്വീകരിയ്ക്കണം. ഇന്ത്യൻ ഭരണകൂടം തന്നെ കലാപകാരികൾക്കു ഒത്താശ ചെയ്യുന്ന അവസ്ഥയിൽ, ഈ രാജ്യത്തിൻറെ നിയമവ്യവസ്ഥ സംരക്ഷിയ്ക്കാൻ ഉന്നതനീതിപീഠങ്ങളും, കോടതികളും അടിയന്തരമായി ഇടപെടണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q