ആശങ്കകൾക്ക് വിരാമം; വിസിറ്റിംഗ് വിസക്കാർ സൗദിയിലേക്ക് പറന്നു
കരിപ്പൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമം. കൊറോണ വിഷയത്തിൽ ആശയക്കുഴപ്പത്തിൽ നിന്നിരുന്ന ഫാമിലി വിസിറ്റിംഗ് വിസ ഇഷ്യു ചെയ്ത പ്രവാസി കുടുംബങ്ങൾ ഇന്ന് കരിപ്പൂരിൽ നിന്ന് സൗദിയിലേക്ക് പറന്നു.
കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം വിദേശ ഉംറ തീർത്ഥാടകർക്കും കൊറോണ ബാധിച്ച രാജ്യങ്ങളിലെ ടൂറിസ്റ്റ് വിസക്കാർക്കും സൗദിയിലേക്ക് വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ഫാമിലി വിസിറ്റിംഗ് വിസക്കാര്യത്തിൽ പ്രവാസികളും കുടുംബങ്ങളും മണിക്കൂറുകളോളം ആശങ്കയിലായത്.
സൗദി എയർ ലൈൻസ് അധികൃതർ തന്നെ ആദ്യം അറിയിച്ച സർക്കുലറിൽ വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിലേക്ക് പറക്കാൻ സാധിക്കില്ല എന്നായിരുന്നു സൂചന. എന്നാൽ പിന്നീട് സൗദി എയർലൈൻസ് അധികൃതർ തന്നെ ജോബ് വിസ, ഫാമിലി വിസിറ്റിംഗ് വിസ, ബിസിനസ് വിസിറ്റ് വിസ എന്നിവയിൽ പോകുന്നവർക്ക് യാത്രാ വിലക്കില്ലെന്ന് തിരുത്തി അറിയിച്ചിരുന്നു.
അതേ സമയം സൗദി എയർലൈൻസ് അധികൃതർ സർക്കുലർ തിരുത്തിയിട്ടും മറ്റു പല എയർലൈൻസുകാരും അത് പരിഗണിക്കാതെ പ്രവാസികളെ തിരികെ അയച്ച കാര്യം പല പ്രവാസി സുഹൃത്തുക്കളും പ്രവാസി ടുഡേയോട് പങ്ക് വെച്ചിരുന്നു.
ഇത് പ്രകാരം ഒരു അപ്ഡേഷൻ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സുഹൃത്തുക്കളായിരുന്നു പ്രവാസി ടുഡേയുമായി നിരന്ധരമായി ബന്ധപ്പെട്ടത്. തുടർന്ന് നാട്ടിലെ ട്രാവൽ ഏജൻ്റുമാരുമായി നിരന്തരം ഞങ്ങൾ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു.
ഇന്ന് രാവിലെ കരിപ്പൂരിൽ നിന്നും ഫ്ളൈ നാസിലും സൗദി എയർലൈൻസിലും വിസിറ്റിംഗ് വിസക്കാർ സൗദിയിലേക്ക് പറന്നുവെന്നും അവർ സൗദിയിൽ ഒരു പ്രശ്നവുമില്ലാതെ വിമാനമിറങ്ങിയെന്നും മലപ്പുറം എ ആർ നഗർ -കുന്നുംപുറത്തെ ജൗഫ് ട്രാവൽസ് ഉടമ ‘സ്വാലിഹ്’ പ്രവാസി ടുഡേയോട് പറഞ്ഞു.
ചില വിമാനക്കംബനിക്കാർ മടക്കി അയച്ചപ്പോൾ ഗൾഫ് എയർ, ഒമാൻ എയർ തുടങ്ങിയവർ വിസിറ്റിംഗ് വിസക്കാരെ സൗദിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ചില പ്രവാസി സുഹൃത്തുക്കൾ മെസ്സേജുകളിലൂടെ അറിയിക്കുകയും ചെയ്തു. ഏതായാലും വിലക്കില്ലെന്നത് സ്ഥിരീകരിക്കപ്പെട്ടത് പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa