റി എൻട്രിയിൽ പോയി മടങ്ങി വരുന്നവർക്കും ഫാമിലി വിസിറ്റിംഗ് വിസയിൽ പോകുന്നവർക്കും വിലക്കുണ്ടോ എന്ന ചോദ്യത്തിനു ജവാസാത്ത് മറുപടി നൽകി
ജിദ്ദ: സൗദിയിലേക്ക് ഉംറ തീർത്ഥാടകർക്കും കൊറോണ രൂക്ഷബാധിത പ്രദേശങ്ങളിലെ ടൂറിസ്റ്റുകൾക്കും വിലക്കേർപ്പെടുത്തിയതിനു പിറകെ റി എൻട്രി വിസയിൽ മടങ്ങുന്നവർക്കും ഫാമിലി വിസിറ്റിംഗ് വിസയിൽ വരുന്നവർക്കും വിലക്കുണ്ടോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
റി എൻട്രി വിസയിൽ വരുന്നവർക്കും വിസിറ്റിംഗ് വിസയിൽ വരുന്നവർക്കും സൗദിയിൽ പ്രവേശിക്കുന്നതിനു യാതൊരു വിലക്കുമില്ലെന്നാണു ജവാസാത്ത് അറിയിച്ചത്. എന്നാൽ ഇങ്ങനെ വരുന്നവർ ഒരു നിബന്ധനക്ക് വിധേയരാണെന്നും ജവാസാത്ത് ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ കൊറോണ വൈറസ് രൂക്ഷമായി വ്യാപിച്ചിരിക്കുന്ന രാജ്യങ്ങളിൽ പ്രവേശിച്ചവരായിരിക്കരുത് റി എൻട്രിയിലും വിസിറ്റിംഗ് വിസയിലും സൗദിയിലേക്ക് എത്തുന്ന വിദേശികൾ എന്നതാണു നിബന്ധന.
ചൈന, ഇറാൻ തുടങ്ങി എതാനും ചില രാജ്യങ്ങളിൽ മാത്രമാണു കൊറോണ രൂക്ഷമായി വ്യാപിച്ചിരിക്കുന്നത് എന്നിരിക്കേ ഇന്ത്യയിലെയും മറ്റു അയൽ രാജ്യങ്ങളിലെയും പൗരന്മാർക്ക് നിലവിൽ വിസിറ്റിംഗിനും ജോബ് വിസക്കുമെല്ലാം പോകുന്നതിനു ഒരു പ്രയാസവുമില്ല.
കരിപ്പൂരിൽ നിന്നും മറ്റുമായി കഴിഞ്ഞ ദിവസങ്ങളിൽ സൗദി എയർവേസിലും ഫ്ളൈ നാസിലും മറ്റു ചില വിമാനങ്ങളിലുമെല്ലാം നിരവധി പ്രവാസികളാണു ജിദ്ദയിലേക്കും റിയാദിലേക്കും തൊഴിൽ വിസയിലും വിസിറ്റിംഗ് വിസയിലും പറന്നത്.
അതേ സമയം ചില വിമാനങ്ങൾ ഇപ്പൊഴും വിസിറ്റിംഗ് വിസക്കാരെ സൗദിയിലേക്ക് കൊണ്ട് പോകാൻ മടിക്കുന്നുമുണ്ട്. ഇന്ന് രാവിലെ ‘പ്രവാസി ടുഡേ’ എയർ ഇന്ത്യ എക്സ്പ്രസിലേക്ക് വിളിച്ച് വിസിറ്റിംഗ് വിസക്കാരെ കൊണ്ട് പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘ഇല്ല’ എന്ന മറുപടിയാണു ലഭിച്ചത്.
സൗദി ജവാസാത്ത് അധികൃതരും സൗദി സിവിൽ ഏവിയേഷൻ അധികൃതരും ഔദ്യോഗികമായിത്തന്നെ വിസിറ്റിംഗ് വിസക്കാർക്ക് സൗദിയിൽ വരുന്നതിനു പ്രശ്നമില്ലെന്ന് അറിയിച്ചിട്ടും ചില വിമാനക്കംബനികൾ മാത്രം ഇങ്ങനെ പെരുമാറുന്നത് പലരെയും പ്രയാസത്തിലാക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa