Saturday, November 23, 2024
Saudi ArabiaTop Stories

ഉംറ യാത്ര മുടങ്ങിയ തീർത്ഥാടകർക്കുള്ള പണം സൗദി അറേബ്യ തിരിച്ച് നൽകും

ജിദ്ദ: ഉംറ യാത്ര മുടങ്ങിയ തീർത്ഥാടകർക്കുള്ള ഫീസും മറ്റു സർവീസ് ചാർജ്ജുകളുമെല്ലാം തിരിച്ച് നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉംറ തീർത്ഥാടകരുടെ സൗദി അറേബ്യയിലേക്കുളള പ്രവേശനം വിലക്കിയത് മൂലം യാത്ര മുടങ്ങിയ ലക്ഷക്കണക്കിനു തീർത്ഥാാടകർക്ക് സൗദി അധികൃതരുടെ ഈ സുപ്രധാന തീരുമാനം വലിയ ആശ്വാസമായേക്കും.

ഉംറ യാത്രക്കായി തീർഥാടകർ അപേക്ഷിച്ച രാജ്യങ്ങളിൽ നിന്ന് തന്നെ ഏജൻ്റുമാർ മുഖേനെ പണം തിരികെ ലഭിക്കുന്നതിനു അപേക്ഷ നൽകാം. ഇതിനായി ഇലക്ട്രോണിക് മെക്കാനിസം ഉണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

സ്വന്തം രാജ്യങ്ങളിലെ പ്രാദേശിക ഉംറ ഏജൻ്റുമാരുമായി ഉടൻ തന്നെ റീ ഫണ്ടിനായി ബന്ധപ്പെടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുഴുവൻ തീർത്ഥാടകരോടുമായി ആഹ്വാനം ചെയ്തു.

ഈ വിഷയത്തിൽ എന്തെങ്കിലും സംശയങ്ങൾ ദൂരീകരിക്കാനുണ്ടെങ്കിൽ 00966-920002814 എന്ന നംബരിലോ mohcc@haj.gov.sa എന്ന ഇ മെയിൽ ഐഡിയിലോ ബന്ധപ്പെടേണ്ടതാണ്.

അതേ സമയം തീർഥാടകർക്കും ചില രാജ്യങ്ങളിലെ ടൂറിസ്റ്റുകൾക്കും സൗദി അറേബ്യ ഏർപ്പെടുത്തിയ വിലക്കിനെ പ്രമുഖ വ്യക്തികളും സംഘടനകളുമെല്ലാം പ്രശംസിച്ചു.

മുഴുവൻ വിദേശ രാജ്യങ്ങളിലെയും ഉംറ തീർത്ഥാടകരെയും കൊറോണ വ്യാപകമായി പടരുന്ന ചില രാജ്യങ്ങളിലെ ടൂറിസ്റ്റുകളെയും അധികൃതർ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്