സൗദിയിൽ ആദ്യ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു
ജിദ്ദ: സൗദി അറേബ്യയിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയാമാണു ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.
ഇറാനിൽ നിന്ന് ബഹ്രൈൻ വഴി സൗദിയിലെത്തിയ സൗദി പൗരനാണു കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ഇയാൾ ഇറാനിൽ പോയ കാര്യം അതിർത്തിയിൽ വെച്ച് അറിയിച്ചിരുന്നില്ല.
ഇയാളെ പരിശോധിക്കാനായി വിദഗ്ധ ടീം പോകുകയും പരിശോധനയിൽ കൊറോണ ബാാധിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സൗദി പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ച് വരികയാണെന്നും ഇയാളുമായി ബന്ധപ്പെട്ടവരെയും പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൊറോണ ഉണ്ടെന്ന സംശയത്തിൽ അതിർത്തി വഴി സൗദിയിൽ എത്തിയ 300 ഓളം പേരെ പ്രത്യേകം പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവരിൽ ആർക്കും വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നില്ല.
സ്വദേശികൾക്കോ വിദേശികൾക്കോ കൊറോണ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തീർക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ അറിയിച്ചു.
കൊറോണ വൈറസ് സൗദിയിലെത്തുന്നത് തടയാനും അഥവാ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ നേരിടുന്നതിനുമായി അതി വിപുലമായ സംവിധാനമാണു സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa