കൊറോണ ഭീതി പരത്തുന്നവർക്ക് 30 ലക്ഷം റിയാൽ പിഴയും 5 വർഷം ജയിലും
റിയാദ്: സൗദിയിൽ കൊറോണ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്ക് 30 ലക്ഷം റിയാൽ വരെ പിഴയും അഞ്ച് വർഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് സൗദി പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സോഷ്യൽ മീഡിയകളിൽ അനാവശ്യ ഭീതി പരത്തുന്നതിൽ ഭാഗമാകരുതെന്ന് മുന്നറിയിപ്പ് നൽകിയ പബ്ളിക് പ്രൊസിക്യൂഷൻ വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഉണർത്തി

ക്രൈം പ്രിവൻഷൻ ലോ അനുസരിച്ച് ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള കിംവദന്തികൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കൊറോണ സംബന്ധിച്ച് ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വിവിധ തരത്തിലുള്ള കിംവദന്തികൾ പ്രചരിക്കപ്പെടുന്ന സാഹചര്യത്തിലാണു പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയത്.

വൈറസ് സംബന്ധിച്ചുള്ള ഏത് തരം സംശയങ്ങളും തീർക്കാൻ ആരോഗ്യ മന്ത്രാലയം സജ്ജമാണ്. സംശയങ്ങൾ ദൂരീകരിക്കാൻ 937 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അതേ സമയം കൊറോണ പരക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ തൊഴിലിടങ്ങളിൽ ഫിംഗർ പ്രിൻ്റ് ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം സൗദി ഇസ് ലാമിക കാര്യ മന്ത്രാലയം തങ്ങളുടെ ഓഫീസുകളിൽ തത്ക്കാലം നിർത്തലാക്കി.

ഹറം കാര്യ വകുപ്പ് കൊറോണയെ നേരിടുന്നതിൻ്റെ ഭാഗമായി തീർത്ഥാടകർക്കും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം മാസ്കുകൾ വിതരണം ചെയ്യുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
