Sunday, November 24, 2024
Saudi ArabiaTop Stories

പുതിയ 9 മേഖലകളിൽ കൂടി സൗദിവത്ക്കരണം പ്രഖ്യാപിച്ചു; ആഗസ്ത് മുതൽ നിലവിൽ വരും

റിയാദ്: പുതിയ 9 മേഖലകളിൽ കൂടി സൗദി വത്ക്കരണം നടത്തുന്നതിനു എഞ്ചിനീയർ അഹ്മദ് അൽ രാജ്ഹിയുടെ നേതൃത്വത്തിലുള്ള സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു.

ഒൻപത് വിഭാഗം ഉത്പന്നങ്ങളുടെ വിപണന മേഖലകളാണു സൗദിവത്ക്കരണത്തിനു വിധേയമാകുക. ഹോൾസെയിൽ മേഖലയും റീറ്റെയിൽ മേഖലയും 70 ശതമാനം സൗദിവത്ക്കരണത്തിനു വിധേയമാകും.

ഖഹ്‌വ-ചായപ്പൊടി-തേൻ-പഞ്ചസാര-സ്പൈസസ്, വെള്ളം-മറ്റു പാനീയങ്ങൾ, പഴം-പച്ചക്കറി- ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക ഉപകരണങ്ങൾ, പുസ്തകം-സ്റ്റേഷനറി -വിദ്യാർത്ഥികൾക്കുള്ള സാധനങ്ങൾ, ഗിഫ്റ്റ്-ലക്ഷ്വറി സ്റ്റോർ-ഹാന്റിക്രാഫ്റ്റ്-പുരാവസ്തു, ടോയ്‌സ്- ചിൽഡ്രൻസ് ടോയ്‌സ്, ഇറച്ചി-മീൻ-മുട്ട-പാൽ ഉത്പ്പന്നങ്ങൾ-വെജിറ്റബിൾ ഓയിൽ, ഡിറ്റർജെന്റ്-പ്ലാസ്റ്റിക്- സോപ്പ് തുടങ്ങിയവയുടെ ഹോൾസെയിൽ വിപണനവും റീട്ടെയിൽ വിപണനവുമാണ് സൗദിവത്ക്കരണത്തിന് വിധേയമാക്കുക.

2020 ആഗ്സ്ത് 20 മുതൽ ഈ 9 മേഖലകളിലും സൗദി വത്ക്കരണം നിലവിൽ വരും. 70 ശതമാനം സൗദിവത്ക്കരണമാണു നടപ്പാക്കുക.

സൗദിയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുകയാണു അധികൃതരുടെ ലക്ഷ്യം. ഇത് വഴി സൗദിയുടെ വിവിധ ഭാഗങ്ങളിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ എല്ലാ മേഖലകളിലും നിശ്ചിത തോതിൽ സൗദിവത്ക്കരണം നടത്തുന്നതിനുള്ള പഠനം നടക്കുന്നുണ്ടെന്ന് സൗദി മാനവവിഭവശേഷി ഡെപ്യൂട്ടി മന്ത്രി ഡോ:അബ്ദുല്ല അബ്സുനൈൻ നേരത്തെ സൂചിപ്പിച്ചിരുന്നു.

എഞ്ചിനീയറിംഗ് മേഖലയിലും തുടർന്ന് ആരോഗ്യ മേഖലയിലും സൗദിവത്ക്കരണം നടപ്പിലാക്കുമെന്ന് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹിയും പ്രസ്താവിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്