Saturday, November 23, 2024
Saudi ArabiaTop Stories

കഅബയുടെ മത്വാഫിൽ മുൻ കാലങ്ങളിൽ ആരാധനകൾ മുടങ്ങിയ സന്ദർഭങ്ങൾ അറിയാം

മക്ക: കൊറോണ ബാധ തടയുന്നതിനു സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി വിശുദ്ധ കഅബക്ക് ചുറ്റുമുള്ള മത്വാഫ് അടച്ചിട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

ഇങ്ങനെ മത്വാഫ് കാലിയായിക്കിടന്ന സന്ദർഭം ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന തലക്കെട്ടോടെ പലരും ചിത്രങ്ങൾ ഷെയർ ചെയ്യുന്നത് കാണാനിടയായി. എന്നാൽ വിശുദ്ധ കഅബയുടെ മത്വാഫ് കാലിയാകേണ്ടി വന്ന സന്ദർഭങ്ങൾ ഇതിനു മുംബും ഉണ്ടായിട്ടുണ്ടെന്നതാണു വാസ്തവം.

40 വർഷങ്ങൾക്ക് മുംബ് ജുഹൈമാൻ അൽ ഉതൈബിയുടെയും മുഹമ്മദ് അൽ ഖഹ്താനിയുടെയും നേതൃത്വത്തിൽ ഹറം കയ്യടക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് മത്വാഫ് കാലിയാക്കപ്പെട്ട സംഭവമാണു ഏറ്റവും അവസാനത്തേത്.

ജുഹൈമാൻ അൽ ഉതൈബി

1941ൽ വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് മത്വാഫിൽ വെള്ളം കയറുകയും തീർഥാടകർക്ക് മത്വാഫിലേക്ക് പ്രവേശിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് വെള്ളത്തിലൂടെ നീന്തി ഒരു ബഹ്രൈൻ ബാലൻ ത്വവാഫ് ചെയ് സംഭവം ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്.

പിൽക്കാല ചരിത്രത്തിലും ഇത് പോലെ ത്വവാഫ് നിർത്തേണ്ടി വന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചാൽ അറിയാം. നബി(സ്വ) യുടെ ജനനത്തിനു ഏതാനും വർഷങ്ങൾക്ക് മുംബ് അബ്രഹത്ത് ആനപ്പടയുമായി കഅബ പൊളിക്കാൻ ഒരുങ്ങി വന്ന സന്ദർഭത്തിൽ മക്കക്കാർ കഅബയുടെ സമീപത്ത് നിന്ന് മാറി നിന്നിരുന്നതായി ചരിത്രത്തിൽ കാണാം.

എ ഡി 693 ൽ അബ്ദുല്ലാഹിബിനു സുബൈർ അവാമിൻ്റെ ഭരണം അവസാനിപ്പിക്കുന്നതിനായി ഹജ്ജാജ്ബ്നു യൂസുഫ് സഖ്ഫിയുടെ നേതൃത്വത്തിൽ അബ്ദുൽ മലിക് ബിൻ മർവാൻ്റെ സൈന്യം മക്ക ഉപരോധിച്ചപ്പോഴും ത്വവാഫും മറ്റു ആരാധനകളും മുടങ്ങിയതായി രേഖകൾ പറയുന്നു.

പുരാതന ബഹ്രൈൻ എന്നറിയപ്പെടുന്ന ഖർമാതിയൻ സ്റ്റേറ്റിൻ്റെ ഭരണാധികാരി അബൂ ത്വാഹിർ എ ഡി 930 ൽ കഅബയിൽ നടത്തിയ പരാക്രമവും ത്വവാഫും മറ്റും മുടങ്ങുന്നതിനു കാരണമായിരുന്നു. ഹജ്ജ് വേളയിലായിരുന്നു ആ സംഭവം നടന്നതെന്നാണു ചരിത്രത്തിൽ കാണാൻ സാധിക്കുന്നത്.

ഹജറുൽ അസ് വദ് മോഷ്ടിച്ച അക്രമികളുടെ കയ്യിൽ നിന്ന് 22 വർഷത്തോളം കഴിഞ്ഞ ശേഷമായിരുന്നു വിശുദ്ധ കല്ല് തിരിച്ച് കിട്ടിയത്. ആയിരക്കണക്കിനു വിശ്വാസികൾ മരിച്ച ഖർമാതിയൻ ആക്രമണ സമയത്ത് ഹറമിൽ ആരാധനകൾ മുടങ്ങിയതായാണു റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്