സൗദിയിൽ 21 വിദേശികളടക്കം 24 പേർക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരണം
ജിദ്ദ: സൗദിയിൽ പുതുതായി 24 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധയേറ്റതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 21 പേർ വിദേശികളാണ്.
പുതുതായി കൊറോണ ബാധിച്ചവരിൽ 12 വയസ്സായ ഒരു സൗദി പെൺ കുട്ടിയുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനായിൽ വ്യകതമാക്കുന്നു.
നേരത്തെ ഖതീഫിൽ കൊറോണ ബാധിച്ച ഇറാനിൽ നിന്നെത്തിയ തൻ്റെ പിതാമഹനുമായി ഇടപഴകിയിരുന്ന ആളായിരുന്നു ഇപ്പോൾ കൊറോണ ബാധിച്ച പെൺകുട്ടി.
പുതുതായി കൊറോണ ബാധിച്ച 21 വിദേശികളും ഈജിപ്ഷ്യൻ പൗരന്മാരാണ്. ഇവരെ മക്ക പ്രവിശ്യയിൽ ഐസൊലേഷനിൽ ആക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിദ്ദ എയർപോർട്ടിലെത്തിയ ട്രാൻസിറ്റ് യാത്രക്കാരനായ വൈറസ് ബാധിതനായ ഈജിപ്ഷ്യനുമായി ഇടപഴകിയവരായിരുന്നു ഇവർ.
വൈറസ് ബാധിച്ച മറ്റു രണ്ട് പേർ ഒരു സൗദി പൗരനും സൗദി വനിതയുമാണ്. ഇരുവരും ഇറാഖിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു. രണ്ട് പേരെയും ഐസൊലേഷനിലാക്കി.
ഇതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 45 ആയി ഉയർന്നിരിക്കുകയാണ്. അതേ സമയം കൊറോണ ബാധിച്ചവരിൽ ഖതീഫിലുള്ള ഒരാൾ സുഖം പ്രാപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
കൊറോണ ബാധിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയ ആരെങ്കിലുമുണ്ടെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറിൽ (937) ബന്ധപ്പെടണമെന്നും ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം വീണ്ടും ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa