യാത്രാ നിരോധനം നിലവിൽ വന്നതോടെ സൗദിയിൽ തിരിച്ചെത്താൻ പ്രവാസികൾ നെട്ടോട്ടത്തിൽ
കരിപ്പൂർ: കൊറോണ വ്യാപനം തടയുന്നതിനായി സൗദിയിലേക്ക് ഇന്ത്യയിൽ നിന്നടക്കം വിവിധ രാജ്യങ്ങളിലുള്ളവർക്ക് വിലക്കേർപ്പെടുത്തി സൗദി അധികൃതർ എടുത്ത തീരുമാനം സൗദി വ്യോമായാന വകുപ്പും സ്ഥിരീകരിച്ചു.
ഇതോടെ സൗദിയിൽ നിന്ന് അവധിയിൽ എത്തിയവർക്ക് മടങ്ങാനുള്ള കാല പരിധിയായി അധികൃതർ നിശ്ചയിച്ച 72 മണിക്കൂർ സമയത്തിനുള്ളിൽ ടിക്കറ്റുകൾ കരസ്ഥമാക്കാൻ പ്രവാസികൾ പരക്കം പായുകയാണ്.
ഇന്ന് പുലർച്ചെയായിരുന്നു സൗദി ആഭ്യന്തര മന്ത്രാലയം ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾക്ക് സൗദിയിലേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് പ്രസ്താവനയിറക്കിയത്.
എന്നാൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനക്കനുസൃതമായി സൗദി സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സർക്കുലർ ഇറക്കിയത് വൈകുന്നേരമായിരുന്നു എന്നതിനാൽ ട്രാവൽ ഏജൻസികളടക്കം വാർത്തയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
അവസാനം വാർത്ത സ്ഥിരീകരിച്ച് കൊണ്ട് സൗദി സിവിൽ ഏവിയേഷൻ ഔദ്യോഗികമായി സർക്കുലർ ഇറക്കിയതോടെ വൈകുന്നേരത്തോടെ ടിക്കറ്റ് കരസ്ഥമാക്കാനുള്ള പ്രവാസികളുടെ നെട്ടോട്ടമാണു കാണാൻ സാധിക്കുന്നത്.
12 ആം തീയതി വ്യാഴാഴ്ച സൗദി സിവിൽ ഏവിയേഷൻ സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന വിമാനക്കംബനികൾക്ക് സർക്കുലറിലൂടെ നൽകിയ നിർദ്ദേശങ്ങൾ താഴെ വിവരിക്കും പ്രകാരമാണ്.
1. ഫിലിപൈൻസ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്കും സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും യാത്ര വിലക്കി.
2.ഫിലിപൈൻസ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദിയിലെ മുഴുവൻ എയർപോർട്ടുകളിലും വിലക്ക്. അതേ സമയം സൗദി പൗരന്മാരെ സൗദിയിലെത്തിക്കാനുള്ള വിമാനങ്ങൾക്കും പ്രസ്തുത രാജ്യങ്ങളിലെ പൗരന്മാരെ സൗദിയിൽ നിന്ന് സ്വദേശങ്ങളിലേക്ക് തിരികെയെത്തിക്കാനും മാത്രം ഉദ്ദേശിച്ചുള്ള വിമാനങ്ങൾക്കും, കാർഗോ വിമാനങ്ങൾക്കും, ഹെൽത്ത് പ്രാക്റ്റീഷനേഴ്സിനെ കൊണ്ട് വരുന്ന വിമാനങ്ങൾക്കും വിലക്കിൽ നിന്ന് ഇളവുണ്ടാകും.
3.സൗദി പൗരന്മാർക്കും കാലാവധിയുള്ള സൗദി ഇഖാമയുള്ള വിദേശികൾക്കും സൗദിയിലേക്ക് മടങ്ങാൻ 72 മണിക്കൂർ സമയം അനുവദിച്ചു.
4.(2)ആം നംബറിലും (3) ആം നംബറിലും പരാമർശിച്ച പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ, (1) ആം നംബറിൽ പരാമർശിച്ച എല്ലാ രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും സ്വിറ്റ്സർലാൻ്റിലെക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും താത്ക്കാലികമായി റദ്ദാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa