വിവിധ രാജ്യങ്ങളിൽ നിന്ന് ഈ ദിവസങ്ങളിൽ സൗദിയിലെത്തിയവർ 14 ദിവസം റൂമുകളിൽ കഴിയണം
റിയാദ്: കൊറോണ കോവിഡ്19 വൈറസ് ബാധയുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് നിർദ്ദിഷ്ട തീയതികളിൽ സൗദിയിൽ എത്തിയവർ 14 ദിവസം താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു.
ഫെബ്രുവരി 28 മുതൽ ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഇറ്റലി, തുർക്കി, സിംഗപൂർ, ഈജിപ്ത്, ഇറാഖ്, ലബനാൻ, സിറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർ സൗദിയിൽ പ്രവേശിച്ച ദിവസം മുതൽ റൂമുകളിൽ തന്നെ കഴിയണം.
മാർച്ച് 8 മുതൽ ഫ്രാൻസ്, സ്പെയിൻ, ഇന്തോനേഷ്യ, സ്വിറ്റ്സർലൻ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ പ്രവേശന ദിവസം മുതൽ റൂമുകളിൽ കഴിയണം.
മാർച്ച് 11 മുതൽ യുകെ, ആസ്ത്രിയ, ഡെന്മാർക്ക്, അമേരിക്ക, ഹോളണ്ട്, നോർവെ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അവരും സൗദിയിൽ പ്രവേശിച്ച ദിവസം മുതൽ വീടുകളിൽ കഴിയണം. അതേ സമയം മാർച്ച് 13 മുതൽ ഏത് രാജ്യങ്ങളിൽ നിന്നും സൗദിയിൽ എത്തിയവരാണെങ്കിലും 14 ദിവസം റൂമുകളിൽ കഴിയണമെന്നും ആരോഗ്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു.
വീടുകളിൽ കഴിയുന്ന 14 ദിവസങ്ങൾ അസാധാരണ പൊതു അവധി ദിനങ്ങളായി പ്രഖ്യാപിച്ചതിനാൽ ഇവർക്ക് മെഡിക്കൽ ലീവ് അനുവദിക്കും. ലീവ് നടപടിക്രമങ്ങൾക്കള്ള മാർഗങ്ങൾ രണ്ട് ദിവസങ്ങൾക്കുള്ളിൽ സ്വിഹതീ ആപ് വഴി ലഭ്യമാകും.
ഞായറാഴ്ച രാവിലെ 11 മുതൽ സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും കാൻസൽ ചെയ്തിരിക്കുകയാണ്. അതേ സമയം ആഭ്യന്തര വിമാനങ്ങൾ സർവീസുകൾ നടത്തും.
ഇഖാമ എക്സ്പയർ, റി എൻട്രി എക്സ്പയർ തുടങ്ങി യാത്രാ വിലക്ക് കാരണം വിദേശ തൊഴിലാളികൾ നേരിടുന്ന എല്ലാ തരം പ്രയാസങ്ങളും പരിഹരിക്കുന്നതിനായി സൗദി ജവാസാത്ത് പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ഉടൻ നിർദ്ദേശങ്ങൾ പ്രഖ്യാപിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa