സൗദിയിൽ കർഫ്യൂ പ്രഖ്യാപിച്ച് രാജാവ് ഉത്തരവിറക്കി
റിയാദ്: രാജ്യത്ത് തിങ്കളാഴ്ച മുതൽ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ച് കൊണ്ട് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
മാർച്ച് 23 തിങ്കളാഴ്ച മുതൽ 21 ദിവസത്തേക്കാണു ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണു കർഫ്യൂ .
കർഫ്യൂ സമയങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് സിവിൽ, സുരക്ഷാ വിഭാഗങ്ങളുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം കർശനമായി നിരീക്ഷിക്കും.
സെക്യൂരിറ്റി, ആരോഗ്യം, സുരക്ഷ, മീഡിയ, തുടങ്ങി നിർണ്ണായകമായ മേഖലകളിലുള്ള ജീവനക്കാരെ മാത്രം കർഫ്യൂവിൽ നിന്ന് ഒഴിവാക്കും. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം അറിയിക്കും.
വരും ദിനങ്ങളിൽ വീടുകളിൽ തന്നെ ആളുകൾ കഴിയുന്നതിനു പ്രേരിപ്പിക്കുന്ന ഈ ഉത്തരവ് രാജ്യത്തെ പൊതു ആരോഗ്യ മേഖലയുടെ സുരക്ഷ ലക്ഷ്യമാക്കിയിട്ടുള്ളതാണു. കർഫ്യൂ സമയങ്ങളിലല്ലാത്ത സന്ദർഭങ്ങളിലും വളരെ അത്യാവശ്യമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നതും ഒഴിവാക്കണം.
കഴിഞ്ഞ ദിവസം സൗദിയിൽ കൊറോണ*കോവിഡ്19 ബാധിതരുടെ എണ്ണം വീണ്ടും വർധിച്ച സാഹചര്യത്തിലാണു കർഫ്യൂ പ്രഖ്യാപിച്ച് കൊണ്ട് രാജാവ് ഉത്തരവിറക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa