സൗദിയിൽ ആദ്യ കൊറോണ-കോവിഡ്19 മരണം റിപ്പോർട്ട് ചെയ്തു
റിയാദ്: സൗദിയിൽ ആദ്യ കൊറോണ-കോവിഡ്19 മരണം റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാൻ പൗരനാണു മരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
അതേ സമയം സൗദിയിൽ പുതുതായി 205 പേർക്ക് കൂടി കൊറോണ ബാാധിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 767 ആയി.
പുതുതായി വൈറസ് ബാധിച്ചവരിൽ കൂടുതലും ജിദ്ദയിൽ നിന്നും റിയാദിൽ നിന്നുമാണ്. ജിദ്ദയിൽ 82 പേർക്ക് കൊറോണ ബാധിച്ചപ്പോൾ റിയാദിൽ 69 പേർക്കാണു വൈറസ് ബാധിച്ചിട്ടുള്ളത്.
അൽബഹയിൽ 12 പേർക്കും ബിഷയിലും നജ്രാനിലും 8 പേർക്കും അബ്ഹ ഖതീഫ് ദമാം എന്നിവിടങ്ങളിൽ 6 പേർക്കും പുതുതായി വൈറസ് ബാധിച്ചു.
ജിസാനിൽ 3 പേർക്കും കോബാറിലും ദഹ്രാനിലും 2 പേർക്ക് വീതവും മദീനയിൽ ഒരാൾക്കും പുതുതായി വൈറസ് ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വൈറസ് വ്യാപനം തടയുന്നതിനു എല്ലാവരും ഒരുമിച്ച് കൂടുന്നത് ഒഴിവാക്കണമെന്ന് ഡോ:മുഹമ്മദ് അബ്ദുൽ ആലി വീണ്ടും ശക്തമായി ആവശ്യപ്പെട്ടു.
കൊറോണാ വ്യാപനം തടയുന്നതിനായി സൗദിയിൽ അധികൃതർ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മുതൽ രാവിലെ 6 മണി വരെയാണു കർഫ്യൂ.
കർഫ്യൂ നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
ആദ്യ ദിവസം തന്നെ കർഫ്യൂ നിയമം ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങളുടെ നംബറുകൾ സുരക്ഷാ വിഭാഗം കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa