Monday, November 25, 2024
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

കടുത്ത നിയന്ത്രണങ്ങളുമായി അറബ് രാജ്യങ്ങൾ; കൊറോണ വ്യാപനം തടയാൻ സ്വീകരിക്കുന്നത് വിട്ടു വീഴ്ചയില്ലാത്ത നടപടികൾ.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുമായാണ് അറബ് രാജ്യങ്ങൾ മുന്നോട്ട് പോകുന്നത്. എങ്ങനെയും വൈറസ് പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഓരോ ഗൾഫ് രാജ്യങ്ങളും സ്വീകരിക്കുന്നത്.

സൗദി അറേബ്യയിൽ കർഫ്യു ലംഘിക്കുന്ന ചിത്രങ്ങളോ വീഡിയോകളൊ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ ലഭിക്കും എന്ന് പ്രഖ്യാപിച്ചതിന് പിറകെ നിരവധി അറസ്റ്റുകളാണ് നടന്നത്.

ഹായിലിൽ 40 വയസ് പ്രായമുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തിൽ കർഫ്യൂ ഉത്തരവുകൾ ലംഘിച്ച് വാഹനമോടിക്കുന്നതായി സോഷ്യൽ മീഡിയയിൽ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച അൽ-ജൂഫ് മേഖലയിൽ രണ്ട് സൗദികളെ അറസ്റ്റ് ചെയ്തു.

അൽ-ഖുറയത്ത് ഗവർണറേറ്റിൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമായി അമ്പതും മുപ്പതും വയസ്സ് പ്രായമുള്ള സൗദി പൗരന്മാരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതായി അൽ ജൗഫിലെ പോലീസ് വക്താവ് ലഫ്റ്റനന്റ് കേണൽ യാസിദ് അൽ ഹമൂദ് പറഞ്ഞു.

റിയാദിൽ കർഫ്യു നടപ്പാക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്തരെ പരിഹസിച്ച യുവാക്കളെ അറസ്റ്റ് ചെയ്ത് നടപടികൾക്കായി കൈമാറി. കർഫ്യു ലംഘനം പ്രോത്സാഹിപ്പിക്കുന്നവർക്ക് അഞ്ച് വർഷം തടവും 30 ലക്ഷം റിയാലുമാണ് പിഴ.

യു എ ഇ യിൽ കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ലംഘിച്ചാൽ രണ്ട് ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക. കൂടാതെ തടവും.

ബഹറൈനിൽ ഏപ്രിൽ ഏഴുവരെ അത്യാവശ്യമല്ലാത്ത മുഴുവൻ കടകളും അടച്ചിടും. ഹൈപർ മാർക്കറ്റുകളും ഫാർമസികൾ, ബാങ്കുകൾ, കോൾഡ് സ്റ്റോറേജുകൾ മുതലായവക്ക് മാത്രമാണ് അനുമതി.

അഞ്ചിൽ കൂടുതൽ ആളുകൾ വീടുകൾക്ക് മുൻപിൽ കൂടി നില്ക്കരുതെന്നും അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

കോവിഡ് നിർദ്ദേശങ്ങൾ അവഗണിക്കുന്നവർക്ക് ഒമാനിൽ ആയിരം മുതൽ പതിനായിരം ഒമാനി റിയാൽ വരെ പിഴയും തടവും ലഭിക്കും. മൂന്നു മാസം മുതൽ ഒരു വർഷം വരെ തടവു ലഭിക്കാം. വിദേശികൾക്ക് നാടുകടത്തൽ അടക്കമുള്ള ശിക്ഷാ നടപടികളും കാത്തിരിക്കുന്നുണ്ട്.

കുവൈറ്റിൽ കർഫ്യു ഇല്ലാത്ത സമയങ്ങളിലും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പകൽ സമയം ജനങ്ങൾ അനിയന്ത്രിതമായി പുറത്തിറങ്ങിയാൽ ദിവസം മുഴുവൻ കർഫ്യു പ്രഖ്യാപിക്കേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം കർഫ്യു ലംഘിച്ചതിനു പിടിയിലായവർ 45 പേരായിരുന്നു. ഇതിൽ 37 പേരും പ്രവാസികളായിരുന്നു.

ഖത്തറിൽ കോവിഡ് 530 കടന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മണി എക്സ്ചേഞ്ചുകൾ അടച്ചിടും. എല്ലാ എക്സ്ചേഞ്ചുകളും ഓൺലൈൻ വഴി സേവനങ്ങൾ കാര്യക്ഷമമാക്കാനാണ് നിർദ്ദേശം.

അതിനിടെ പതിനെട്ടായിരം കിടക്കകളോടെ കൂറ്റൻ ഹോസ്പിറ്റൽ ഒരുങ്ങി. കോവിഡ് രോഗികൾക്കായാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa