Sunday, September 29, 2024
Saudi ArabiaTop Stories

കൊറോണ; സൗദിയിൽ രോഗ മുക്തരായവരുടെ എണ്ണം ആശ്വാസം പകരുന്നു

ജിദ്ദ: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനിടെ രോഗ മുക്തി നേടിയവരുടെ കണക്കുകൾ ഏറെ ആശ്വാസം പകരുന്നു.

ഇന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നൽകിയ വിശദീകരണ പ്രകാരം ഇത് വരെ 35 പേരാണു രോഗ മുക്തി നേടിയിട്ടുള്ളത്.

വെള്ളിയാഴ്ച ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പുതിയ മരണ വാർത്തയില്ലാത്തതും ആശ്വാസം പകരുന്നുണ്ട്. ഇത് വരെ 3 വിദേശികളാണു സൗദിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ടത്.

അതോടൊപ്പം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുതുതായി വൈറസ് ബാധയേൽക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുന്നതും വലിയ പ്രതീക്ഷ നൽകുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 205 ആയിരുന്നെങ്കിൽ ബുധനാഴ്ച അത് 133 ആയും വ്യാഴാഴ്ച 112 ആയും വെള്ളിയാഴ്ചയോടെ 92 ആയുമാണു കുറഞ്ഞിട്ടുള്ളത്.

വൈറസ് ബാധിച്ചവരിൽ ഭൂരിപക്ഷം പേരുടെയും അവസ്ഥ തൃപ്തികരമാണെന്ന് പറഞ്ഞ വാക്താവ് 6 പേരുടെ നില ഗുരുതരമാണെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ന് പുറത്ത് വിട്ട കണക്ക് പ്രകാരം 92 പേർക്കാണു പുതുതായി സൗദിയിൽ വൈറസ് ബാധയേറ്റിട്ടുള്ളത്. ഇതോടെ സൗദിയിൽ കൊറോണ ബാധിതരുടെ ആകെ എണ്ണം 1104 ആയിട്ടുണ്ട്.

പുതുതായി വൈറസ് ബാധയേറ്റവരിൽ 82 പേരും മറ്റുള്ളവരുമായി ഇടപഴകിയത് മൂലമാണു രോഗികളായതെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു. 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തെത്തിയവരാണ്.

വൈറസ് വ്യാപനം തടയുന്നതിനായി പൊതു ഇടപെടലുകൾ കുറക്കുന്നതിൻ്റെ പ്രാധാന്യം ഡോ: മുഹമ്മദ് അബ്ദുൽ ആലി വീണ്ടും ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെന്ന പോലെ ഇന്നും റിയാദിലാണു കൂടുതൽ വൈറസ് ബാധയേറ്റിട്ടുള്ളത്. അതേ സമയം മദീനയിലെ വൈറസ് ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 46 പേർക്ക് റിയാദിൽ വൈറസ് ബാധയേറ്റപ്പൊൾ 19 പേർക്കാണു മദീനയിൽ വൈറസ് ബാധയേറ്റിട്ടുള്ളത്.

അതോടൊപ്പം ഖതീഫിൽ 10 , ജിദ്ദയിൽ 7, ദമാമിൽ 4, ദഹ്രാനിലും ബുറൈദയിലും 2 വീതം, ഹുഫൂഫിലും ഖോബാറിലും ഓരോരുത്തർക്ക് വീതം എന്നിങ്ങനെയാണു ഇന്ന് വൈറസ് ബാധയേറ്റവരുടെ കണക്കുകൾ.

ആഗോള തലത്തിൽ കൊറോണ ബാധിതരുടെ എണ്ണം 5,33,416 ആയിട്ടുണ്ട്. ഇതിൽ 1,23,268 പേരും രോഗ മുക്തരായിട്ടുണ്ട്. 24,110 പേരാണു മരണപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്