ഒമാനിൽ പുതുതായി 22 പേർ; സാമൂഹിക വ്യാപനമെന്നും മന്ത്രാലയം, വിസ പുതുക്കാൻ പോർട്ടൽ.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒമാനിൽ വീണ്ടും വർദ്ധിക്കുന്നു. പുതുതായി 22 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 131 ആയി. പുതുതായി ബാധിച്ച മുഴുവൻ പേരും സ്വദേശികളാണ്. ഇതിൽ 8 പേർ വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. പത്തുപേർ രോഗ ബാധിതരുമായി ബന്ധപ്പെട്ടവരാണ്.
രണ്ട് മലയാളികൾക്കാണ് ഒമാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് ബാധിതനായ തലശ്ശേരി കതിരൂർ സ്വദേശിയുടെ മകനാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.
രാജ്യം സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ ഹുസ്നി അറിയിച്ചു. കൂടുതൽ വൈറസ് ബാധ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാറിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മന്ത്രാലയം അറിയിച്ചു.
ഇതേസമയം, ലീവിനുപോയി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ആശ്വാസമായി ഒമാൻ. നാട്ടിൽ കുടുങ്ങിയവർക്ക് വിസ പുതുക്കാനായി പോർട്ടലിൽ സൗകര്യമൊരുക്കിയിരിക്കുകയാണ് ഒമാൻ പോലീസ്.
രാജ്യത്ത് തിരിച്ചെത്തിയ ശേഷം നടപടികൾ പൂർത്തിയാക്കിയാൽ മതി. സൗകര്യം രാജ്യത്തുള്ളവർക്കും വിദേശത്തുള്ളവർക്കും ഉപയോഗപ്പെടുത്താനാകും.
രാജ്യത്തെ വിദേശ വിനോദ സഞ്ചാരികൾക്ക് വിസ പുതുക്കുന്നതിനും പോർട്ടൽ സൗകര്യം നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa