Tuesday, November 26, 2024
Top StoriesWorld

മുസ്‌ലിം മക്കയിലേക്ക് തിരിഞ്ഞ് നമസ്ക്കരിക്കുമ്പോൾ ജൂതൻ ജറൂസലമിലേക്ക് തിരിഞ്ഞ് പ്രാർത്ഥന നടത്തുന്നു; കൊറോണക്കെതിരെയുള്ള ഒരുമിച്ചുള്ള പോരാട്ടത്തിൽ ഇസ്രായേലിൽ നിന്നുള്ള ഈ ചിത്രം ശ്രദ്ധേയമാകുന്നു

വെബ് ഡെസ്ക്: ഇസ്രായേലും ഫലസ്തീനും ഇസ്രായേലിൻ്റെ ഫലസ്തീൻ അധിനിവേശവുമെല്ലാം നമ്മുടെ വായനയിലും കാഴ്ചയിലും എന്നും മറക്കാനാവാത്ത നിരവധി വേദനിക്കുന്ന ഓർമ്മകൾ കോറിയിട്ടിട്ടുള്ളവയാണ്. വർഷത്തിൽ ഒരിക്കലെങ്കിലും പശ്ചിമേഷ്യയിൽ സംഘർഷമില്ലാത്ത സന്ദർഭങ്ങളും അപൂർവ്വമാണ്.

എന്നാൽ ആഗോള തലത്തിൽ തന്നെ സർവ്വ സംഹാരിയായി വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനത്തിൽ ഇസ്രായേലും ഫലസ്തീനും ഒരുമിച്ച് കൈകോർക്കുന്ന രംഗമാണു കാണാൻ സാധിക്കുന്നത്.

കോവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഇസ്രായേലിനെയും ഫലസ്തീനെയും ഐക്യ രാഷ്ട്ര സഭാ പശിചിമേഷ്യൻ പ്രതിനിധി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്.

ഈ മഹാമാരിയെ ചെറുക്കുന്നതിനുള്ള സഹകരണത്തിൻ്റെ സാക്ഷ്യപത്രമെന്നോണം കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്നുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രം ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

കൊറോണ വൈറസ് പതിരോധ പ്രവർത്തനങ്ങൾക്കിടയി ഒരുമിച്ച് പ്രവർത്തിക്കുന്ന ജൂതനായ അവ്റഹാം മിൻ്റ്സും മുസ് ലിമായ സൊഹാർ അബു ജമയും തങ്ങളുടെ ഡ്യൂട്ടിക്കിടയിൽ വാഹനം നിർത്തി ആരാധന നിർവ്വഹിക്കുന്നതാണു ചിത്രം.

തൻ്റെ തോളിൽ വെള്ളയും കറുപ്പും നിറമുള്ള പ്രയർ ഷാൾ അണിഞ്ഞ് ജറുസലമിലേക്ക് തിരിഞ്ഞ് നിന്ന് ആരാധന നിവ്വഹിക്കുന്ന ജൂതനായ അവ്റഹാം മിൻ്റ്സും മക്കയിലേക്ക് തിരിഞ്ഞ് മുസല്ലയിൽ നമസ്ക്കരിക്കുന്ന മുസ് ലിമായ സൊഹാർ അബു ജമയും ലോകമെങ്ങുമുള്ള കൊറോണ പ്രതിരോധ പ്രവർത്തകർക്ക് ഏറെ പ്രചോദനം നൽകിയെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രായേൽ എമർജൻസി റെസ്പോൺസ് സർവീസ് – എം ഡി എ യിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണു ഈ രണ്ട് ആരോഗ്യ പ്രവർത്തകരും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പോലെ ഒരുമിച്ച് പ്രവർത്തിക്കേണ്ട സാഹചര്യവും ഒരുമിച്ച് പ്രാർഥിക്കുന്ന സന്ദർഭവും ഇരുവർക്കും പുതുമയുള്ള കാര്യമല്ലെങ്കിലും ഈ ചിത്രം ലോകത്തെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വലിയ ആവേശവും പ്രചോദനവുമാണു നൽകിയിട്ടുള്ളത്.

ഏത് സമൂഹത്തിൽ നിന്നോ ഏത് മതത്തിൽ നിന്നോ എന്നുള്ളതൊന്നും വിഷയമല്ല. രക്ഷാ പ്രവർത്തകരെക്കുറിച്ച് അഭിമാനിക്കുന്നു., ഒന്നിച്ച് പോരാടുക, ഒന്നിച്ച് വിജയിക്കുക, ഐക്യപ്പെടുക തുടങ്ങിയ നിരവധി പ്രതികരണങ്ങളാണു സാമൂഹിക മാധ്യമങ്ങളിൽ ഈ ചിത്രത്തിനു ലഭിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്