Tuesday, November 5, 2024
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഗൾഫിൽ മരണം രണ്ടക്കം കടന്നു; രോഗബാധിതരിൽ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു.

മലയാളികളടക്കമുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ഗൾഫ് മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ.

ഇന്നലെ ഖത്തറിൽ ഒരാൾ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് ബാധ മൂലം മരണമടഞ്ഞവരുടെ സംഖ്യ രണ്ടക്കം കടന്നു. ഇന്നലെ വരെ സൗദി അറേബ്യയിലും ബഹറൈനിലും നാലു വീതവും യുഎഇ യിൽ രണ്ട് പേരും മരിച്ചിരുന്നു. സൗദി അറേബ്യയിൽ ഇന്ന് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ , ഗൾഫിൽ മൊത്തം മരണ സംഖ്യ 15 ആയി

സൗദിയിൽ 99 പേരും യു.എ.ഇയിൽ 63, ഒമാനിൽ 21, ഖത്തറിൽ 28, കുവൈത്തിൽ 10, ബഹ്റൈനിൽ 7 എന്നിങ്ങനെയാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ. ഇതിൽ യു.എഇയിൽ പുതുതായി സ്ഥിരീകരിച്ച 63 രോഗികളിൽ മുപ്പതും ഇന്ത്യക്കാരാണ്.

228 പേർക്ക് ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കവിഞ്ഞു. സൗദിയിലും ഒമാനിലും സമൂഹ വ്യാപനം തടയുന്നതിനുള്ള നടപടികൾ ശക്തമായി കൈകൊണ്ടുതുടങ്ങിയിരിക്കുന്നു.

സൗദിയിൽ ഇതുവരെ 1299 പേർ കോവിഡ് ബാധിതരായി. ഇതിൽ എട്ട് പേരാണ് മരണപ്പെട്ടത്. ആകെ അസുഖത്തിൽ നിന്ന് മോചിതരായവരുടെ എണ്ണം 66 ആയി.

റിയാദിലാണ് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ 41 പേരടക്കം 491 പേരാണ് ഇതുവരെ റിയാദിൽ നിന്ന് രോഗബാധിതരായവർ.

ജിദ്ദ ഉൾപ്പെടുന്ന മക്കാ പ്രവിശ്യയിൽ രോഗികളുടെ എണ്ണം 352 ആണ്. ഇതിൽ ജിദ്ദയിൽ 173 ഉം മക്കയിൽ 179 ഉം കൊറോണ ബാധിതരാണുള്ളത്. മദീനയിൽ 38 പേരാണ് അസുഖബാധിതരായിട്ടുള്ളത്. ഖതീഫിലെ 12 പുതിയ കേസുകളടക്കം, കിഴക്കന്‍ പ്രവിശ്യയില്‍ ആകെ രോഗികളുടെ എണ്ണം 221 ആയി ഉയര്‍ന്നു.

പുതിയ കണക്കുകൾ പ്രകാരം 10 കേസുകൾ മാത്രമാണ് വിദേശത്ത് എത്തിയവരിൽ നിന്ന് സ്ഥിരീകരിച്ചത്. ബാക്കി 89 പേരും സാമൂഹിക സമ്പർക്കത്തിലൂടെ ബാധിക്കപ്പെട്ടവരാണ് എന്നത് ആശങ്ക ഉണർത്തുന്നതാണ്.

യുഎഇ പുതുതായി രോഗം സ്ഥിരീകരിച്ച 63 പേരടക്കം ഇതുവരെ 570 പേർ രോഗ ബാധിതരാണ്. 60 ഓളം ആളുകൾ രോഗ വിമുക്തി നേടിയിട്ടുണ്ട്. ഇതുവരെ രണ്ട് മരണങ്ങൾ നടന്നു.

ഖത്തറിൽ ആദ്യ മരണം ഇന്നലെ സ്ഥിരീകരിച്ചു. ബംഗ്ലാദേശ് പൗരനാണ്. 57 വയസായിരുന്ന അദ്ദേഹത്തിനു മറ്റു ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് 16 നായിരുന്നു രോഗ സ്ഥിരീകരണത്തെ തുടർന്ന് ഇദ്ദേഹത്തെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

പുതുതായി 28 രോഗികളടക്കം 590 പേർ ഇതുവരെ അസുഖ ബാധിതരായി. 45 പേരാണ് അസുഖം ഭേദമായവർ. വിദേശയാത്ര കഴിഞ്ഞെത്തിയവരിലും രോഗം സ്ഥിരീകരിച്ചവരുമായുണ്ടായ സമ്പർക്കത്തിലൂടെയുമാണ് പുതുതായുള്ള 28 പേരും അസുഖബാധിതരായത്.

കുവൈറ്റിൽ പുതുതായി 10 പേർക്കാണ് ഇന്നലെ കൊറോണ റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 235 ആയി. ഇതിൽ 8 പേർ ഇന്ത്യക്കാരാണ്.

64 പേരാണ് രോഗമുക്തരായത്. നിലവിൽ കുവൈറ്റിൽ ചികിത്സയിലുള്ളത് 171 പേരാണ്. 910 ആളുകൾ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി സ്വഭവനങ്ങളിലേക്ക് മടങ്ങി.

ഒമാനിൽ 84 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബസ്, ടാക്സി സർവീസുകളെല്ലാം ഒമാൻ നിർത്തിവെച്ചിരിക്കുകയാണ്. രൺറ്റ് ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബഹറൈനിൽ ഇതുവരെ 4 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 175 കേസുകളാണ് ചികിത്സയിലുള്ളത്. 160 പേർ കോവിഡ് മുക്തരായി.

വൻ സുരക്ഷാ ക്രമീകരണങ്ങാണ് ഓരോ ഗൾഫ് രാജ്യങ്ങളും നടപ്പിലാക്കുന്നത്. സൗദി അറേബ്യ വിമാന സർവീസുകൾ റദ്ദാക്കിയ നടപടി അനിശ്ചിതകാലത്തേക്ക് നീട്ടി. നേരത്തെ പ്രഖ്യാപിച്ച അവധികളും സൗദി അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്.

മദീനയിൽ ഹറമിനോട് ചേർന്നുള്ള 6 ജില്ലകൾക്ക് മുഴുസമയ കർഫ്യു നീട്ടിയിട്ടുണ്ട്. ഇവിടെയുള്ളവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ തുടരണമെന്നാണ് മദീന അതോറിറ്റി നിർദേശിച്ചിരിക്കുന്നത്.

യുഎഇയിൽ പുറത്തിറങ്ങുന്നവർക്കടക്കം വൻ പിഴകൾ ഏർപ്പെടുത്തിയാണ് സർക്കാർ ജനങ്ങളെ വീട്ടിലിരിക്കാൻ പ്രേരിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തവർക്ക് 1000 ദിർഹം പിഴ ലഭിക്കും. അടുത്ത മാസം അഞ്ച് വരെ അണു നശീകരണ യജ്ഞം നടക്കും.

കുവൈറ്റ് ടാക്സി സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ചെറുതും വലുതുമായ മുഴുവൻ കോഫി ഷോപ്പുകളും അടച്ചിടാൻ നിർദ്ദേശമുണ്ട്. ബാഗിക കർഫ്യൂ നിലനിൽക്കുന്നതിനാൽ മരണാനന്തര ചടങ്ങടക്കമുള്ളവ ചുരുക്കണമെന്നും അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളു എന്നും ആണ് അറിയിപ്പ്.

ഖത്തറിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സമയക്രമം നിശ്ചയിച്ചു. പകർച്ച വ്യാധി മറച്ചു വെക്കുന്നവർക്ക് പിഴയും തടവും ലഭിക്കുന്നതടക്കമുള്ള കർശന നിർദ്ദേശങ്ങൾ സർക്കാർ പ്രഖ്യാപിച്ചു.

ഒമാനിൽ പൊതു ഗതാഗത സംവിധാനം പാടെ നിർത്തലാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു മാസത്തേക്ക് അടച്ചിട്ടിരിക്കുന്നു. ഭക്ഷണ ശാലകളിൽ പാർസലുകൾക്ക് മാത്രമാണ് അനുമതി.

നിരവധി ആനുകൂല്യങ്ങളും രാജ്യത്തെ പൗരന്മാർക്കും വിദേശികൾക്കുമായി അതത് ഭരണകൂടങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിൽ പരമായ ആനുകൂല്യങ്ങളും വിസ ഇളവുകളും വാടക, കറന്റ്, വെള്ളം ചാർജുകൾ ഒഴിവാക്കിയുമൊക്കെ ഈ പ്രതിസന്ധികാലത്ത് ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റുകയാണ് ഭരണകൂടങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa