സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 1500 കടന്നു; മരണം 10 ആയി
റിയാദ്: സൗദിയിൽ പുതുതായി 110 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ ആകെ എണ്ണം 1563 ആയി.
110 പേരിൽ രണ്ട് പേർ സൗദിക്ക് പുറത്ത് നിന്നെത്തിയ യാത്രക്കാരും 108 പേർ നേരത്തെ വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരുമായിരുന്നു.
ഇന്ന് രണ്ട് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വെളിപ്പെടുത്തി. മദീനയിലുള്ള രണ്ട് വിദേശികളാണു മരിച്ചത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 10 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം പുതുതായി 50 പേർക്ക് കൂടി രോഗം ഭേദമായതായ മന്ത്രാലയത്തിൻ്റെ പ്രസ്താവന ഏറെ ആശ്വാസം നൽകുന്നുണ്ട്. സൗദിയിൽ ഇത് വരെ 165 പേർ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിക്കഴിഞ്ഞു.
റിയാദിൽ 33, ജിദ്ദയിൽ 29, മക്കയിൽ 20, ഖതീഫിൽ 7, ഖോബാറിൽ 4, ദമാമിൽ 3, മദീനയിൽ 3, ഹുഫൂഫിലും ദഹ്രാനിലും ജിസാനിലും 2 വീതം, അൽ ബദാഇഉ, അബഹ, ഖമീസ് മുഷൈത്, റാസ് തനൂറ, അൽ ഖഫ്ജി എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണു ഇന്ന് വൈറസ് ബാധിച്ചിട്ടുള്ള കണക്കുകൾ.
8,04,073 പേർക്ക് ആഗോള തലത്തിൽ ഇത് വരെ കോവിഡ്19 ബാധിച്ചിട്ടുണ്ട്. ഇതിൽ 1,72,435 പേർക്ക് രോഗം ഭേദമായപ്പോൾ 39,074 പേർ മരണപ്പെട്ടിട്ടുണ്ട്.
കോവിഡ് 19 വൈറസ് ബാധക്ക് ഇത് വരെ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ വൈറസ് ബാധ ഏൽക്കാതിരിക്കാൻ നിർദ്ദേശിക്കപ്പെട്ട മുൻ കരുതലുകൾ എല്ലാവരും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തി.
മറ്റു രാജ്യങ്ങളിൽ ഉണ്ടായത് പോലുള്ള സ്ഥിതി വരാതെ കോവിഡ് 19 വൈറസ് വ്യാപനത്തെ തടയുന്നതിനായി ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്നലെ സൗദി ആരോഗ്യ മന്ത്രി സൂചന നൽകിയിരുന്നു.
കോവിഡ് 19 വൈറസ് ബാധിച്ച നിയമ ലംഘകരടക്കമുള്ള വിദേശികൾക്കും സ്വദേശികൾക്കും സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കാൻ സല്മാൻ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa