Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങാൻ അനുമതിയുള്ള സന്ദർഭങ്ങൾ അറിയാം

ജിദ്ദ: കോവിഡ്19 പ്രതിരോധത്തിൻ്റെ ഭാഗമായി രാജ്യമെങ്ങും ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂ സമയത്തും പുറത്തിറങ്ങുന്നതിനു സ്വദേശികൾക്കും വിദേശികൾക്കും അനുമതിയുള്ള ചുരുക്കം ചില സന്ദർഭങ്ങൾ ഉണ്ട്. സൗദി ജനറൽ സെക്യൂരിറ്റി വാക്താവ് ബ്രിഗേഡിയർ സാമിൽ അൽ ശുവൈരിഖാണു ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്ക് വെച്ചത്.

ഒരാളുടെ അടുത്ത ബന്ധു മരിക്കുകയോ അല്ലെങ്കിൽ ഒരിക്കലും മാറ്റി വെക്കാൻ സാധിക്കാത്ത അടിയന്തിര സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ കർഫ്യൂ സമയത്ത് പുറത്തിറങ്ങാം.

roc@ps.moi.gov.sa എന്ന ഇ മെയിലിൽ തൻ്റെ എമർജൻസി സാഹചര്യം തെളിയിക്കുന്നതിനുള്ള രേഖകൾ അയച്ച ശേഷമോ 999 , 911 എന്നീ നംബറുകളിൽ വിളിച്ച ശേഷമോ ആയിരിക്കണം പുറത്തിറങ്ങേണ്ടത്.

പ്രവേശന വിലക്കുള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള മാർഗവും കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു. roc@ps.moi.gov.sa എന്ന മെയിലിലേക്ക് ആവശ്യം വ്യക്തമാക്കിയുള്ള അപേക്ഷ തെളിവും കോണ്ടാക്റ്റ് നംബറും സഹിതം അയക്കുകയും അപേക്ഷകനെ സുരക്ഷാ വിഭാഗം തിരിച്ച് വിളിച്ച് ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ പെർമിഷൻ നൽകുകയും ചെയ്യുകയാണു രീതി.

കർഫ്യൂ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 10,000 റിയാലാണു പിഴ ലഭിക്കുക. ആവർത്തിച്ചാൽ ഇരട്ടി തുകയും വീണ്ടും ആവർത്തിച്ചാൽ 20 ദിവസം വരെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.

രാജ്യത്തെ മൊത്തം കർഫ്യൂ ഏർപ്പെടുത്തിയ ശേഷം ഘട്ടം ഘട്ടമായി വിവിധ ഏരിയകളിൽ കർഫ്യൂവിൽ മാറ്റങ്ങൾ വരുത്തി വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുകയാണു അധികൃതർ.

മക്ക, മദീന, റിയാദ്, ജിദ്ദ തുടങ്ങിയ നാലു പട്ടണങ്ങളിലേയും കർഫ്യൂ സമയം വൈകുന്നേരം 3 മണി മുതൽ രാവിലെ 6 മണി വരെയാക്കി ദീർഘിപ്പിച്ചിരുന്നു. രാജ്യത്തെ മറ്റു ഏരിയകളിലെ കർഫ്യു സമയം വൈകുന്നേരം 7 മുതൽ രാവിലെ 6 മണി വരെയാണുള്ളത്.

മദീനയിലേയും മക്കയിലേയും ആറു ഡിസ്റ്റ്രിക്കുകളിൽ പുർണ്ണ സമയ നിരോധനാജ്ഞയും ഐസൊലേഷനും ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്തെ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് പോകുന്നതും വിലക്കി.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മുൻ നിർത്തി ഏർപ്പെടുത്തിയ നടപടികളോട് പൂർണ്ണാർത്ഥത്തിൽ സഹകരിക്കുന്ന സ്വദേശികളോടും വിദേശികളോടും സല്മാൻ രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്