സൗദിയിലെ രണ്ട് പ്രവിശ്യകളിൽ മാത്രം ഇത് വരെ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
ജിദ്ദ: സൗദിയിൽ ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം ഇത് വരെ 1720 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം 157 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.
ഇത് വരെയുള്ള രാജ്യത്തെ കൊറോണ മരണ സംഖ്യ 16 ആയിട്ടുണ്ട്. അതേ സമയം രോഗം ഭേദമായവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുമുണ്ട്. 264 പേരാണു ഇത് വരെ രോഗമുക്തി നേടിയിട്ടുള്ളത്.
സൗദിയിലെ 13 പ്രവിശ്യകളിൽ 11 പ്രവിശ്യകളിലും ഇതിനകം കൊറോണ കോവിഡ്19 വൈറസ് ബാധ രേഖപ്പെടുത്തിക്കഴിഞ്ഞു.
റിയാദ്, മക്ക, മദീന, ഈസ്റ്റേൺ പ്രൊവിൻസ്, ജിസാൻ, നജ്രാൻ, അസീർ, അൽബാഹ, തബൂക്ക്, നോർത്തേൺ ബോഡർ, അൽ ഖസീം എന്നീ പ്രവിശ്യകളിലാണു ഇത് വരെ വൈറസ് ബാധ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
അതേ സമയം അൽ ജൗഫ്, ഹായിൽ എന്നീ രണ്ട് പ്രവിശ്യകളിൽ ഇത് വരെ ഒരു കോവിഡ്19 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാർച്ച് 2 നായിരുന്നു സൗദിയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്.
സൗദിയിൽ ഇത് വരെ ഏറ്റവും കൂടുതൽ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മക്ക പ്രവിശ്യയിലാണ്. 677 പേർക്കാണ് മക്ക പ്രവിശ്യയിൽ മാത്രം വൈറസ് ബാധിച്ചിട്ടുള്ളത്.
റിയാദ് പ്രവിശ്യയിൽ 615 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഈസ്റ്റേൺ പ്രൊവിൻസിൽ 364 പേർക്കാണ് കോവിഡ് 19 വൈറസ് ബാധിച്ചിട്ടുള്ളത്.
മദീന പ്രവിശ്യയിൽ ഇത് വരെ 238 കേസുകളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേ സമയം ഏറ്റവും കുറച്ച് വൈറസ് ബാധയേറ്റവർ നോർത്തേൺ ബോഡർ പ്രവിശ്യയിലാണുള്ളത്. 2 പേർക്ക് മാത്രമാണു നോർത്തേൺ ബൊഡറിൽ വൈറസ് ബാധയേറ്റിട്ടുള്ളത്.
കോവിഡ്19 വ്യാപനം തടയുന്നതിനു വേണ്ടി സൗദി അധികൃതർ എടുത്ത നടപടികളുടെ ഭാഗമായി 13 പ്രവിശ്യകളിലുള്ളവർക്കും ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa