Friday, November 15, 2024
Saudi ArabiaTop Stories

ഇഖാമ 3 മാസത്തേക്ക് സൗജന്യമായി നീട്ടലും ഫീസിളവും ഗാർഹിക തൊഴിലാളികൾക്ക് ലഭിക്കില്ല

ജിദ്ദ: കോവിഡ്19 വ്യാപനം തടയുന്നതിനാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ചതോടെ സൗദി ഭരണകൂടം നൽകിയിരുന്ന ചില ആനുകൂല്യങ്ങളിൽ പെട്ടതായിരുന്നു ഇഖാമ സൗജന്യമായി ദീർഘിപ്പിക്കൽ.

2020 മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ കാലാവധി അവസാനിക്കുന്ന ഇഖാമകൾ ഓട്ടോമാറ്റിക്കായി 3 മാസത്തേക്ക് പുതുക്കുമെന്നാണു ജവാസാത്ത് അറിയിച്ചത്. ഈ മൂന്ന് മാസത്തേക്ക് ലെവിയടക്കമുള്ള ഫീസ് ഈടാക്കുകയുമില്ല.

എന്നാൽ ഈ ഫീസിളവും ഇഖാമ 3 മാസത്തേക്ക് ദീർഘിപ്പിക്കലും ഹൗസ് ഡ്രൈവർ, വീട്ടു ജോലിക്കാർ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ലഭിക്കില്ല എന്നാണു ജവാസാത്ത് അറിയിച്ചിട്ടുള്ളത്.

ഇഖാമ ഫീസിളവും സൗജന്യമായി 3 മാസത്തേക്ക് ദീർഘിപ്പിക്കലും ഗാർഹിക തൊഴിലാളികൾക്ക് ബാധകമാണോ എന്ന ഒരു സൗദി പൗരൻ്റെ ചോദ്യത്തിനു ജവാസാത്ത് മറുപടി പറയുകയായിരുന്നു.

ട്രേഡ് പ്രഫഷനുകളിലുള്ള വിദേശികളുടെ ഇഖാമകൾക്ക് മാത്രമാണു ഈ ആനുകൂല്യം ലഭിക്കുകയെന്ന് ജവാസാത്ത് വീണ്ടും ഉറപ്പിച്ച് പറഞ്ഞു. അത് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുകയും ചെയ്യും.

അതേ സമയം ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ പുതുക്കാൻ ലെവിയില്ല എന്നതും വളരെ ചെറിയ ജവാസാത്ത് ഫീസ് മാത്രമാണുള്ളത് എന്നതിനാലും ഫീസിളവില്ലാത്തതും സൗജന്യമായി ദീർഘിപ്പിക്കാത്തതും ഗാർഹിക തൊഴിലാളികളെ സാരമായി ബാധിക്കില്ല എന്നതാണു സത്യം.

ഇഖാമ ദീർഘിപ്പിക്കുന്നതോടൊപ്പം അധികൃതർ പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയായിരുന്നു റി എൻട്രി വിസകൾ സൗജന്യമായി 3 മാസത്തേക്ക് നീട്ടി നൽകുക എന്നത്. റി എൻട്രി വിസ സ്റ്റാംബ് ചെയ്യുകയും വിമാനങ്ങൾ ഇല്ലാത്തതിനാൽ പറക്കാൻ സാധിക്കാതെ വരികയും ചെയ്തതിനാൽ പലർക്കും സൗദിയിൽ തന്നെ കഴിയേണ്ടി വന്നിരിക്കുകയാണ്. ഇത്തരക്കാർക്ക് സൗജന്യമായി റി എൻട്രി 3 മാസത്തേക്ക് കുട്ടി ഓട്ടോമാറ്റിക് ആയി ദിർഘിപ്പിക്കുമെന്നാണു അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.

ഫെബ്രുവരി 25 നും മാർച്ച് 20 നും ഇടയിൽ ഉപയോഗിക്കാത്ത റി എൻട്രി വിസകളാണു ഓട്ടോമാറ്റിക്കായി ഫീസില്ലാതെ 3 മാസത്തേക്ക് കൂടി പുതുക്കി നൽകുക. ജവാസാത്തിൻ്റെ പ്രസ്താവനയിൽ ഈ ആനുകൂല്യവും ട്രേഡ് പ്രഫഷനുകളുള്ള ഇഖാമയുള്ളവർക്കാണെന്ന് പ്രത്യേകം പരാമർശിച്ചിരുന്നു.

ജവാസാത്ത് പ്രഖ്യാപിച്ച മറ്റൊരു ആനുകൂല്യമായിരുന്നു ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തവർക്ക് ഓഫർ ചെയ്തിരുന്നത്. ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്തവരുടെ ഇഖാമ മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്നതാണെങ്കിൽ ഓട്ടോമാറ്റിക്കായി പുതുക്കി നൽകും. ശേഷം അബ്ഷിർ, മുഖീം തുടങ്ങിയ സിസ്റ്റങ്ങൾ വഴി എക്സിറ്റ് വിസ തൊഴിലുടമ കാൻസൽ ചെയ്തിരിക്കണം. പിന്നീട് 3 മാസ കാലാവധിക്കുള്ളിൽ വീണ്ടും എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ ഇത് സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്