എമിറേറ്റ്സ് വിമാനം വീണ്ടും പറന്നുയരുന്നത് കർശന നിയന്ത്രണങ്ങളോടെ; യു എ ഇ യിൽ നിന്ന് പുറപ്പെടുന്നവർക്ക് മാത്രം തൽക്കാലം അനുമതി.
ദുബായ്: ഏപ്രിൽ 6 മുതൽ ചില റൂട്ടുകളിൽ സർവ്വീസ് നടത്താൻ എമിറേറ്റ്സിന് അനുമതി ലഭിച്ചിരിക്കെ, കർശന നിയന്ത്രണങ്ങളോടെയായിരിക്കും വിമാനം പറന്നുയരുന്നത്.
ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ, ഫ്ലൈറ്റുകളിൽ പരിഷ്കരിച്ച ഇൻഫ്ലൈറ്റ് സേവന പരിപാടി നടത്തും. മാസികകളും മറ്റ് അച്ചടി വായനാ സാമഗ്രികളും ലഭ്യമാകില്ല. ഭക്ഷണപാനീയങ്ങൾ ബോർഡിങ്ങിൽ നൽകുമ്പോൾ, ഭക്ഷണ സേവന സമയത്ത് സമ്പർക്കം കുറയ്ക്കുന്നതിന് പാക്കേജിംഗും വിതരണവും പരിഷ്കരിക്കും.
എമിറേറ്റ്‌സ് ലോഞ്ച്, ഡ്രൈവറുടെ സേവനങ്ങൾ എന്നിവ ഈ കാലയളവിൽ താൽക്കാലികമായി ലഭ്യമാവില്ല.
എല്ലാ എമിറേറ്റ്സ് വിമാനങ്ങളും ഓരോ യാത്രയ്ക്കുശേഷവും ദുബായിലെ മെച്ചപ്പെട്ട ക്ലീനിംഗ്, അണുനാശിനി പ്രക്രിയകളിലൂടെ ശുദ്ധീകരിക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യും.
കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ഈ വിമാനങ്ങൾ യുഎഇയിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. ഇങ്ങോട്ടുള്ള യാത്രക്കാർക്ക് തത്കാലം വിമാന സർവ്വീസുകൾ ഉപയോഗിക്കാനാവില്ല.
ഇത് കോവിഡ് 19 നെതിരായുള്ള പ്രതിരോധമാർഗ്ഗമായി രാജ്യം സ്വീകരിച്ചതാണ്. പക്ഷെ വാണിജ്യാവശ്യങ്ങളേയും ബിസിനസ്സുകളെയും പരിഗണിച്ച് രണ്ട് ദിശകളിലേക്കും എമിറേറ്റ്സ് ചരക്കുകൾ കൊണ്ടുപോകും. അങ്ങനെ സാമ്പത്തിക രംഗം തകർന്നടിയുന്നത് ഒരു പരിധി വരെ തടയാൻ ഈ നടപടികൾക്കാവുമെന്നാണ് പ്രതീക്ഷ.
ദുബായിൽ നിന്ന് ലണ്ടൻ ഹീത്രോ, ഫ്രാങ്ക്ഫർട്ട്, പാരീസ്, ബ്രസ്സൽസ്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് പ്രാരംഭഘട്ടത്തിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കും. ലണ്ടൻ ഹീത്രോയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളും മറ്റു നഗരങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് വിമാനങളുമാണുണ്ടാകുക.
ലക്ഷ്യസ്ഥാന രാജ്യങ്ങൾ നിശ്ചയിച്ചിട്ടുള്ള ട്രാൻസിറ്റ് യാത്രക്കാരെക്കൂടെ ഉദ്ദേശിച്ചാണീ അവശ്യ സർവ്വീസുകൾ പുനരാരംഭിക്കുന്നതെന്ന് എമിറേറ്റ്‌സ് എയർലൈൻ ആന്റ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.
സ്വന്തം നാടുകളിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കൾ ഈ നീക്കത്തെ സ്വാഗതം ചെയ്യും. തിരിച്ച് അവർക്കവരുടെ രാജ്യങ്ങളിലേക്കും കുടുംബങ്ങളിലേക്കും പോകുവാൻ ഈ നടപടി അവരെ സഹായിക്കും. ഞങ്ങളുടെ ഫ്ലൈറ്റുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് യുഎഇ സർക്കാരിനും ഞങ്ങളുടെ എല്ലാ പങ്കാളികൾക്കും അവർ നൽകിയ പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു എന്നദ്ദേഹം കൂട്ടിചേർത്തു.
എത്രയും വേഗം പൂർണ്ണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പല നഗരങ്ങളും നേരിടുന്ന വെല്ലുവിളികൾ നിസ്സാരവത്കരിക്കാനാവില്ലയെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്സ് ബോയിംഗ് 777-300ER വിമാനങ്ങൾ ഈ റൂട്ടുകളിൽ പ്രവർത്തിപ്പിക്കും, ബിസിനസ്, ഇക്കണോമി ക്ലാസുകളിൽ സീറ്റുകൾ വാഗ്ദാനം ചെയ്യും. യോഗ്യതയുള്ള യാത്രക്കാർക്ക് www.emirates.com ൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രാ നിയന്ത്രണങ്ങൾ നിലവിലുള്ളരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി പ്രവേശന മാനദണ്ഡങ്ങൾ പരിശോധിക്കാൻ എമിറേറ്റ്സ് അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa