സൗദി ഭരണാധികാരികൾക്ക് നന്ദി പറഞ്ഞ് പ്രവാസ ലോകം
ജിദ്ദ: ‘സൽമാൻ രാജാവിനും കിരീടാവകാശിക്കും ദീർഘായുസ്സ് നൽകേണമേ’ എന്ന പ്രാർത്ഥനയാണു കഴിഞ്ഞ ഏതാനും മണിക്കൂറുകളിലായി നിരവധി പ്രവാസികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണാൻ സാധിക്കുന്നത്. കൊറോണ മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം റൂമുകളിൽ കഴിയേണ്ടി വരികയും വിവിധ തരത്തിലുള്ള ജീവിതോപാധികൾക്ക് താത്ക്കാലികമായി തടസ്സം നേരിടേണ്ടി വരികയും ചെയ്ത സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനു ഏറെ ആശ്വാസമാകുന്ന പദ്ധതികൾ ഭരണകൂടം നടപ്പിലാക്കിയതിൻ്റെ നന്ദിയായിരുന്നു ആ പ്രാർത്ഥനകൾ.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമായിരുന്നു, കോവിഡ്19 വ്യാപനം തടയുന്നതിനായി സൗദിയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന യാത്ര റദ്ദാക്കിയപ്പോൾ സൗദിയിലും വിദേശങ്ങളിലും കുടുങ്ങിപ്പോയ പ്രവാസ സമൂഹത്തിനായി ആഭ്യന്തര മന്ത്രാലയത്തിലെ ജവാസാത്ത് ഡിപ്പാർട്ട്മെൻ്റ് സൗജന്യമായി നൽകുമെന്നറിയിച്ച വിവിധ പദ്ധതികൾ.
റി എൻട്രിയും ഫൈനൽ എക്സിറ്റും ഇഷ്യു ചെയ്യുകയും ഇഖാമകൾ പുതുക്കാൻ സമയമാകുകയും ചെയ്തവരും വിസിറ്റിംഗിൽ പോയവരും സൗദിക്കകത്ത് കുടുങ്ങിയപ്പോൾ സൗദിക്ക് പുറത്തുള്ള അവധിയിൽ പോയ ആയിരങ്ങൾ റി എൻട്രി വിസ കാലാവധിക്ക് പുറമേ ഇഖാമ കാലാവധിയും കഴിയുന്നതിൻ്റെ ആശങ്കയിലായിരുന്നു ഉണ്ടായിരുന്നത്.
ഈ അവസ്ഥയിൽ എന്ത് ചെയ്യുമെന്ന നിരവധി പ്രവാസികളുടെ ചോദ്യങ്ങൾക്ക് യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും എല്ലാം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിക്കുമെന്നും ജവാസാത്ത് ഉറപ്പ് നൽകിയിരുന്നു. ജവാസാത്ത് നൽകിയ ഉറപ്പുകൾ ഓരോ ഘട്ടങ്ങളായി പാലിക്കുന്നതാണു പിന്നീടുള്ള ഓരോ സന്ദർഭങ്ങളിലും പ്രവാസ ലോകം അനുഭവിച്ചറിഞ്ഞത്.
ആദ്യ പടിയായി രാജ്യത്തുള്ള എല്ലാ ഇനം വിസിറ്റിംഗ് വിസക്കാർക്കും , എക്സ്പയർ ആണോ അല്ലയോ എന്ന് നോക്കാതെ പിഴയില്ലാതെ കാലാവധി നീട്ടി നൽകുമെന്ന ഓഫറായിരുന്നു ജവാസാത്ത് നൽകിയിരുന്നത്. ഇത് പ്രവാസി സമൂഹത്തിനു വലിയൊരു ആശ്വാസം തന്നെയായിരുന്നു. ആദ്യ ഘട്ടത്തിൽ ജവാസാത്തിൽ നേരിട്ട് പോകുന്നവർക്കും പിന്നീട് അബ്ഷിറിൽ തന്നെയും എക്സ്പയർ ആയതടക്കമുള്ള എല്ലാ തരം വിസിറ്റിംഗ് വിസകളും പുതുക്കുന്നതിനുള്ള ഓപ്ഷൻസ് ജവാസാത്ത് ഏർപ്പെടുത്തുകയും ചെയ്തു.
പിന്നീട് ജവാസാത്ത് നൽകിയ ഓഫറിൽ പെട്ടതായിരുന്നു ഇഖാമകൾ 3 മാസത്തേക്ക് സൗജന്യമായി ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്ന പദ്ധതി. മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്ന എല്ലാ ഇഖാമകളും ഓട്ടോമാറ്റിക്കായി പുതുക്കുന്ന പ്രക്രിയ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച് കഴിഞ്ഞിരുന്നു. പലർക്കും ഇഖാമകൾ 3 മാസത്തേക്ക് ഫ്രീ ആയി പുതുക്കിയതായുള്ള മെസ്സേജുകൾ വന്നു കഴിഞ്ഞു. കർഫ്യൂവും മറ്റും ആയതിനാൽ സ്വാഭാവികമായും സാംബത്തിക പ്രയാസം അനുഭവപ്പെടുന്ന ഈ സന്ദർഭത്തിൽ സൗജന്യമായി ഇഖാമകൾ പുതുക്കപ്പെട്ടത് നിരവധി പ്രവാസികൾക്ക് നൽകിയ സന്തോഷം ചെറുതല്ല.
റി എൻട്രി വിസകൾ എക്സ്പയർ ആയവർക്കുള്ള ഓഫർ ജവാസാത്ത് പ്രഖ്യാപിച്ചതും നൂറു കണക്കിനു പ്രവാസികൾക്ക് അനുഗ്രഹമാകുമെന്നത് തീർച്ചയാണ്. ഫെബ്രുവരി 25 നും മാർച്ച് 20 നും ഇടയിൽ ഉപയോഗിക്കാതിരുന്ന റി എൻട്രി വിസകളെല്ലാം ഓട്ടോമാറ്റിക്കായി ഫ്രീ ആയി 3 മാസത്തേക്കാണു പുതുക്കി നൽകുക.
ഫൈനൽ എക്സിറ്റ് അടിച്ചവർക്കും ജവാസാത്ത് ഓഫർ നൽകിയിട്ടുണ്ട്. ഫൈനൽ എക്സിറ്റ് അടിച്ചവരുടെ ഇഖാമകൾ മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്നതാണെങ്കിൽ ഇഖാമ ഓട്ടോമാറ്റിക്കായി 3 മാസത്തേക്ക് പുതുക്കി നൽകും. ശേഷം അബ്ഷിർ വഴിയോ മുഖീം വഴിയോ എക്സിറ്റ് വിസ കാൻസൽ ചെയ്ത് പുതിയ എക്സിറ്റ് വിസ ഇഖാമാ കാലാവധി തീരുന്നതിനു മുംബ് ഇഷ്യു ചെയ്താൽ മതി.
ഇതോടൊപ്പം നാട്ടിൽ പോയവർക്ക് ഇഖാമകൾ 3 മാസത്തേക്ക് പുതുക്കി നൽകിത്തുടങ്ങിയതും വലിയ ആശ്വാസമാണു പ്രവാസ ലോകത്തിനു നൽകിയിട്ടുള്ളത്. നാട്ടിൽ പോയവരുടെ ഇഖാമയും മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്നതാണെങ്കിൽ 3 മാസത്തേക്ക് ഓട്ടോമാറ്റിക്കായാണു പുതുക്കി നൽകുന്നത്.
ഇവക്കെല്ലാം പുറമെ കോവിഡ്19 വൈറസ് ഏതെങ്കിലും വിദേശിക്ക് ബാധിച്ചിട്ടുണ്ടെങ്കിൽ അയാൾ നിയമ ലംഘകനാണെങ്കിൽ പോലും പബ്ളിക്, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന രാജ കല്പനയും സൗദി ഭരണകൂടത്തിൻ്റെ കരുണയും കരുതലും വ്യക്തമാക്കുന്നതായിരുന്നു.
ഈ രാജ്യത്തിനും രാജാവിനും കിരീടാവകാശിക്കും എന്നും നന്മകൾ വരട്ടേയെന്നും രാജ്യം പുരോഗതിയിലേക്ക് കുതിക്കട്ടേ എന്നുമുള്ള പ്രാർത്ഥന മാത്രമാണു പ്രവാസ ലോകത്തിനു നൽകാനുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
