24 മണിക്കൂർ കർഫ്യൂ; അൽബൈക്ക് ദിവസവും 10,000 പേർക്ക് സൗജന്യ ഭക്ഷണം നൽകും
ജിദ്ദ: ജിദ്ദയിൽ 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയ ഡിസ്റ്റ്രിക്കുകളിൽ സൗദിയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് കംബനിയായ അൽബൈക്ക് ദിവസവും 10,000 പേർക്ക് ഭക്ഷണം നൽകും.
അനിശ്ചിത കാല കർഫ്യൂ അവസാനിക്കുന്നത് വരെ ദിവസവും ഭക്ഷണ വിതരണം ഉണ്ടായിരിക്കുമെന്ന് അൽബൈക്ക് അധികൃതർ പ്രസ്താവിച്ചു.
സൗദി മാനവ വിഭവ ശേഷി-സാമൂഹിക വികസന വകുപ്പ് മന്ത്രാലയത്തിൻ്റെ സഹകരണത്തോടെയായിരിക്കും ഭക്ഷണ വിതരണം നടക്കുക.
കർഫ്യൂ നിലവിൽ വന്നത് ചില കുടുംബങ്ങൾക്ക് സാംബത്തിക പ്രയാസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണു സൗജന്യ ഭക്ഷണ വിതരണം നടത്താൻ അൽബൈക്ക് അധികൃതർ തീരുമാനിച്ചത്.
സാധാരണക്കാർക്കും താങ്ങാനാകുന്ന വിലയിൽ മികച്ച ബ്രോസ്റ്റഡ് ചിക്കനടക്കമുള്ള വിവിധ ഇനം ഭക്ഷണ ഇനങ്ങൾ വിതരണം ചെയ്യുന്ന അൽബൈക്ക് സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തമായ ഫാസ്റ്റ് ഫുഡ് ശൃംഖലയാണ്.
കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ജിദ്ദ ഗവര്‍ണറേറ്റിലെ കിലോ 14 ജുനൂബ്, കിലോ 14 ശിമാല്‍, അല്‍ മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുറയാത്, കിലോ 13, പെട്രോമിന്‍ എന്നീ ഡിസ്റ്റ്രിക്കുകൾ പൂര്‍ണമായും ഐസൊലേറ്റ് ചെയ്യുകയും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഭക്ഷണം മരുന്ന് തുടങ്ങിയ അടിയന്തിരാവശ്യങ്ങൾക്ക് മാത്രം ഡിസ്റ്റ്രിക്കുകളുടെ പരിധിക്കുള്ളിൽ ആളുകൾക്ക് രാവിലെ 6 മുതൽ വൈകുന്നേരം 3 വരെ പുറത്തിറങ്ങാം. ബാക്കിയുള്ള സമയങ്ങളിൽ വീടുകൾക്കുള്ളിൽ തന്നെ കഴിയേണ്ടതുണ്ട്. ഈ ഡിസ്റ്റ്രിക്കുകളിലേക്കും തിരിച്ചും പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa