സൗദിയിൽ 4 കൊറോണ മരണം കൂടി; അസുഖം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നു
റിയാദ്: സൗദിയിൽ കൊറോണ കോവിഡ്19 വൈറസ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ അറിയിച്ചിരുന്ന 61 പേർക്ക് പുറമേ വൈകുന്നേരം 60 പേർക്ക് കൂടി വൈറസ് ബാധയേറ്റതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെ സൗദിയിൽ കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 2523 ആയി.
വൈറസ് ബാധിച്ച 2523 രോഗികളിൽ ആക്റ്റീവ് കേസുകൾ ഇപ്പോൾ 1934 എണ്ണമാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
പുതുതായി 4 പേർ കൂടി മരണപ്പെട്ടതോടെ സൗദിയിൽ ഇത് വരെ കോവിഡ്19 വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 38 ആയി ഉയർന്നിരിക്കുകയാണ്.
അതേ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള വലിയ വർധനവ് ഏറെ ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രോഗം ഭേദമായ 63 പേരടക്കം ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 551 ആയി ഉയർന്നിട്ടുണ്ട്.
ആഗോള തലത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം ഇത് വരെയായി 12,89,195 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 2,72,074 പേർ രോഗ മുക്തി നേടിയപ്പോൾ മരണ സംഖ്യ 70,607 ആയി ഉയർന്നിട്ടുണ്ട്.
ഇറ്റലിയിലെ മരണ സംഖ്യ 15,000 ത്തിനും സ്‌പെയിനിലെ മരണ സംഖ്യ 13,000 ത്തിനും മുകളിലാണ്. ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള അമേരിക്കയിൽ മരണ സംഖ്യ പതിനായിരത്തിനടുത്തെത്തിയിട്ടുണ്ട്.
കോവിഡ്19 ആദ്യം വ്യാപകമായ രീതിയിൽ ബാധിച്ച ചൈനയിൽ ഇത് വരെ മരണപ്പെട്ടത് 3331 പേരാണ്. ചൈനയിൽ വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവാണു രേഖപ്പെടുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa