Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികളുടെ ശമ്പളം കുറക്കാനും അവധി നൽകാനും തൊഴിലുടമക്ക് അനുവാദം

ജിദ്ദ: കൊറോണ വൈറസ് പ്രത്യാഘാതങ്ങൾ നേരിടുന്നതിൻ്റെ ഭാഗമായുള്ള സൗദി ഭരണകൂടത്തിൻ്റെ നീക്കങ്ങളുടെ ഭാഗമായി തൊഴിലാളി-തൊഴിലുടമ കരാറിൽ ക്രമീകരണങ്ങൾ വരുത്താൻ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു.

മുൻ കൂട്ടി കാണാനാകാത്ത പ്രത്യേക സാഹചര്യങ്ങളിൽ ഭരണകൂടത്തിൻ്റെ തീരുമാനങ്ങൾ കാരണം സ്ഥാപനങ്ങളുടെ നടത്തിപ്പു ചെലവ് കുറക്കുന്നതിനു അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ സ്വീകരിക്കുന്നതിനു സ്വകാര്യ മേഖലക്കുള്ള അവകാശം അധികൃതർ പ്രഖ്യാപിച്ചു.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ സമയത്തിനനുസൃതമായി തൊഴിലാളിയുടെ ശമ്പളത്തിൽ കുറവ് വരുത്താനും അവധി നൽകാനും തൊഴിലുടമക്ക് അവകാശമുണ്ട്.

ഇങ്ങനെ നൽകുന്ന അവധി ദിനങ്ങൾ വാർഷികാവധിയിൽ നിന്ന് കുറക്കാനും അതിൽ ഉൾപ്പെടാതെ അസാധാരണ അവധിയായി നൽകാനും സാധിക്കും.

നിയന്ത്രണ നടപടികൾ സ്വീകരിച്ച് ആറു മാസത്തിനുള്ളിൽ തൊഴിലുടമയും തൊഴിലാളിയും ഇത് സംബന്ധിച്ച് കരാറിലെത്തണം.

പ്രത്യേക സാഹചര്യത്തിലുണ്ടായ പ്രതിസന്ധി തരണം ചെയ്യാൻ ഗവൺമെൻ്റ് പ്രഖ്യാപിച്ച സഹായം തൊഴിലുടമ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ തൊഴിലാളിയെ പിരിച്ച് വിടാൻ അനുവാദമില്ല. എന്നാൽ തൊഴിലാളിക്ക് ആവശ്യമെങ്കിൽ കരാർ അവസാനിപ്പിക്കാം.

അതേ സമയം പുറത്ത് നിന്നുള്ള റിക്രൂട്ടിനു പകരം സ്ഥാപനങ്ങളിൽ അധികമുള്ള തൊഴിലാളികളെ അജീർ പോർട്ടലിൽ രെജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം മന്ത്രാലയം സാധ്യമാക്കും. ഇത് ആവശ്യമുള്ളവരെ ജോലിക്കെടുക്കാൻ മറ്റു തൊഴിലുടമകളെ സഹായിക്കുകയും അതൊടൊപ്പം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്