സൗദിയിലെ മലയാളികളോടാണ് പറയാനുള്ളത്;റിയാദിൽ വിട പറഞ്ഞ സഫ്വാന്റെ ശബ്ദ സന്ദേശം സങ്കടത്തോടെ കേട്ടവരാണ് നമ്മൾ: ജിദ്ദയിലെ മാധ്യമ പ്രവർത്തകൻ്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ജിദ്ദ:സൗദിയിൽ കോവിഡ്19 മൂലം മലയാളി സഹോദരങ്ങൾ മരണപ്പെട്ട വാർത്തകൾ പ്രവാസി സമൂഹം ഞെട്ടലോടെയാണു കേട്ടത്. ഈ സന്ദർഭത്തിൽ സൗദിയിലെ ഓരോ മലയാളിയും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ ജിദ്ദയിലെ മാധ്യമ പ്രവർത്തകനായ അബ്ദുൽ നാസർ കരുളായി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്. കുറിപ്പ് ഇങ്ങനെ വായിക്കാം..
”റിയാദിൽ_വിട പറഞ്ഞ സഫ്വാന്റെ ശബ്ദ സന്ദേശം സങ്കടത്തോടെ കേട്ടവരാണു നമ്മൾ. സൗദിയിലെ മലയാളികളോടാണ് പറയാനുള്ളത്.
സഫ്വാൻ സംഭവം നമ്മെ ഉണർത്തുന്നതെന്താണ്? Covid ആണെന്ന് കണ്ടെത്താൻ വൈകിയതാണ് അവിടെ ആ സഹോദരന്റെ കാര്യത്തിൽ സംഭവിച്ച പ്രധാന പ്രശ്നം. സൗദി ജർമ്മൻ ഹോസ്പിറ്റലിൽ സഫ്വാൻ എത്തുന്നത് മരിക്കുന്നതിന്റെ മൂന്നോ നാലോ ദിവസം മുമ്പ് മാത്രം! എത്താൻ വളരേ വൈകി!!. മാത്രമല്ല ആ സഹോദരൻ ചികിൽസ തേടിയ സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടർമാർ ശ്വാസതടസ്സം മാറാത്തതിനാൽ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തിരുന്നുവത്രേ. എന്നിട്ടും test നോ ചികിൽസക്കോ എവിടെ പോകണം എന്ന കാര്യത്തിൽ വ്യക്തമായ guidline കിട്ടിയില്ല എന്നാണ് മനസ്സിലാകുന്നത്.
ആ ശബ്ദ സന്ദേശം അവസാനിക്കുന്നത് ഇങ്ങനെയാണ്. “തലവേദനയും ശ്വാസ തടസ്സവും ഇപ്പോഴും തുടരുന്നു. ഇനി എന്താ ചെയ്യേണ്ടതെന്ന് ഒരു പിടുത്തവും ഇല്ല “
എവിടെയാണ് Covid പരിശോധന നടക്കുക? എങ്ങനെയാണവിടെ എത്തിപ്പെടുക എന്ന കാര്യത്തിൽ ആ സഹോദരന് information ലഭിച്ചിരുന്നില്ല, അല്ലെങ്കിൽ വളരേ വൈകിയാണു ലഭിച്ചത്!!??.ആരാണിവിടെ_കുറ്റക്കാർ?
സഫ്വാൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചിലർ മനസ്സിലാക്കിയത് സൗദിയിൽ കോവിഡ് ചികിൽസ വിദേശികൾക്ക് അപ്രാപ്യമാണെന്നോ നല്ല ചികിൽസ ലഭിക്കുന്നില്ലാ എന്നോ ആണ്.
വാസ്തവം_എന്താണ്? മിഡിലീസ്റ്റിലെ ഏറ്റവും നല്ല ചികിൽസയാണ് സൗദിയിൽ കോവിഡിന് ലഭിക്കുന്നത്. മാത്രമല്ല സൗദിയിലും ബഹ്റൈനിലുമാണ് ഏറ്റവും കൂടുതൽ പേർ അസുഖം ഭേദമായി വീട്ടിലേക്കു മടങ്ങുന്നതും!
സ്വദേശികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ തികച്ചും സൗജന്യമായി ഏറ്റവും നല്ല ചികിൽസയും പരിചരണവുമാണ് രാജ്യം നൽകുന്നത്.
എന്തു ചെയ്യണമെന്ന അറിവില്ലായ്മയാണ് പലപ്പോഴും നമുക്കു വിനയാകുന്നത്. സമയത്തിന് ചികിൽസ കിട്ടിയാൽ അതിജീവിക്കാനാകാത്തതല്ല കോവിഡ് 19.
സൗദിയിലെ എല്ലാ നഗരങ്ങളിലുമുണ്ട് മിനിസ്ട്രിയുടെ കീഴിലുള്ള ആസ്പത്രികളിൽ കോവിഡ് test നുള്ള സൗകര്യങ്ങൾ. സ്രവ പരിശോധനാ ഫലം 24 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ പരമാവധി 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്നുമുണ്ട്.
രോഗലക്ഷണങ്ങളിൽ സംശയമുള്ളവർ 937 ൽ വിളിച്ചാൽ നിങ്ങൾക്ക് ഇംഗ്ലീഷിലോ അറബിയിലോ വ്യക്തമായ മാർഗ്ഗ നിർദ്ദേശം ലഭിക്കും. നിങ്ങളുടെ തൊട്ടടുത്ത ആശുപത്രി നിർദ്ദേശിച്ചു തരികയും ചെയ്യും.
ഇനി അതൊന്നുമല്ലെങ്കിൽ MOH ന്റെ കീഴിലുള്ള പ്രസ്തുത ഹോസ്പിറ്റലുകളിലൊന്നിൽ നേരിട്ടെത്തി Emergency (ത്വവാരിഉ) യിൽ പോയി കാര്യം പറഞ്ഞാൽ അവിടെ Entry ലഭിക്കുകയും ചെയ്യും.
MOH ഹോസ്പിറ്റലുകളിൽ എത്താനാകാത്തവർ ബേജാറാകേണ്ടതില്ല, മുഴുവൻ സ്വകാര്യ ഹോസ്പിറ്റലുകൾക്കും MOH ഒരു form കൊടുത്തിട്ടുണ്ട്. നിങ്ങളുടെ രോഗലക്ഷണങ്ങൾ അതിൽ മാർക്ക് ചെയ്യും. 6 പോയിന്റിൽ കൂടുതലാണെങ്കിൽ അവർ തന്നെ നിങ്ങളുടെ സ്രവമെടുത്ത് പരിശോധനക്കയക്കും. അതിനാൽ നിങ്ങളുടെ തൊട്ടടുത്ത Hospital കളെ സമീപിച്ചാലും മതി. (ക്ലിനിക്കുകളെയല്ല, ഹോസ്പിറ്റലുകളെ)
മലയാളീ_സംഘടനകളും കൂട്ടായ്മകളും ഇക്കാര്യത്തിൽ ഒന്നു കൂടി ജാഗരൂകരാകേണ്ടിയിരിക്കുന്നു. കാരണം ഇത് നിലനില്പിനായുള്ള, അതി ജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടമാണ്. ഇനിമേൽ നമ്മിലൊരു സഹോദരനും ചികിൽസ കിട്ടാതെ, ചികിൽസ വൈകി മരിക്കാനിട വരരുത്. നാട്ടിലേക്കുള്ള യാത്രാ തടസ്സം എന്നു ശരിയാകും എന്നത് ഒരു നിശ്ചയവുമാർക്കുമില്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും.
ഇന്ത്യൻ എംബസിയും, കോൺസുലേറ്റും ഇക്കാര്യത്തിൽ ആവശ്യമുള്ളവർക്ക് Covid test നടത്തുന്നതിന് MOH ആസ്പത്രികളിലേക്ക് പ്രവേശനം കിട്ടുന്നതിനായി ഇടപെടേണ്ടിയിരിക്കുന്നു. നിലവിൽ അവർ പരസ്യപ്പെടുത്തിയ നമ്പരുകളിലേക്ക് വിളിച്ചാൽ കിട്ടുന്ന മറുപടി 937 ലേക്കു വിളിക്കൂ എന്നാണ്. അതു പോര. അതു പറയാൻ കോൺസുലേറ്റു വേണോ??. ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലിടപെടാൻ കൂടിയാണല്ലോ നമുക്ക് എംബസി, കോൺസുലേറ്റ് സംവിധാനങ്ങളൊക്കെ!
വൈറസിന്റെ വ്യാപനം തുടരുക തന്നെയാണ്. പനിയും ചുമയും ശ്വാസതടസ്സവും മരുന്നു കഴിച്ചിട്ടും ഭേദമാകാതെ തുടരുകയാണെങ്കിൽ പൊന്നു സഹോദരങ്ങളേ, പിന്നെ ഒട്ടും സമയം കളയാതെ ബന്ധപ്പെട്ട ഹോസ്പിറ്റലുകളിലെത്തി രോഗം നിർണ്ണയിക്കണം. സമയമാണ് ഇതിലെ മുഖ്യ വില്ലൻ. നമ്മൾ എത്രത്തോളം വൈകിക്കുന്നുവോ, അത്രയും അപകട സാധ്യതയും കൂടുന്നു.നാമോരോരുത്തരുടെ ജീവനും വിലപ്പെട്ടതാണ്.Take_Care.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa