Saturday, November 16, 2024
Top StoriesWorld

കൊറോണ മരണ സംഖ്യ ഒരു ലക്ഷം കടന്നു; നാല് രാജ്യങ്ങളിൽ മാത്രം മരിച്ചത് 66000 പേർ

വെബ് ഡെസ്ക്: ആഗോള തലത്തിൽ കൊറോണ കോവിഡ്19 വൈറസ് മൂലമുള്ള മരണ സംഖ്യ ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 1,01,474 പേരാണു ഇത് വരെ മരിച്ചത്.

ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇറ്റലിയിലും അമേരിക്കയിലുമാണ്. ഇറ്റലിയിലെ മരണ സംഖ്യ 18,849 ആണെങ്കിൽ അമേരിക്കയിൽ ഇത് വരെ മരിച്ചവരുടെ എണ്ണം 18,000 ത്തിൽ എത്തിയിരിക്കുകയാണ്.

അമേരിക്കയിൽ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ച് കൊണ്ടിരിക്കുകയാണ്. 4,88,905 പേർക്കാണ് ഇത് വരെ അമേരിക്കയിൽ കോവിഡ്19 ബാധിച്ചത്. അതിൽ 26,187 പേർക്ക് അസുഖം ഭേദമായി.

അമേരിക്കക്കും ഇറ്റലിക്കും പുറമെ സ്പെയിനിലും ഫ്രാൻസിലും മരണ സംഖ്യയും കോവിഡ് ബാധിതരുടെ എണ്ണവും വലിയ രീതിയിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്. സ്‌പെയിനിലെ മരണ സംഖ്യ ഇത് വരെ 15,970 ഉം ഫ്രാൻസിലെ മരണ സംഖ്യ 13,197 ഉം ആയിട്ടുണ്ട്.

ഇതോടെ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ നാല് രാജ്യങ്ങളിൽ മാത്രം കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 66000 കടന്നിരിക്കുകയാണ്.

ജർമ്മനിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1,19,624 ആയെങ്കിലും മരണ സംഖ്യ 2,607 ആയിട്ടുള്ളു എന്നത് ശ്രദ്ധേയമാണ്. ചൈനക്ക് പിറകെ രോഗം ഭേദമായവരിൽ ഏറ്റവും മുൻ പന്തിയിലുള്ളതും ജർമ്മനിയാണ്. ജർമ്മനിയിൽ ഇത് വരെ 52,407 പേർക്ക് രോഗ മുക്തി ലഭിച്ചിട്ടുണ്ട്.

ആറു ഗൾഫ് രാജ്യങ്ങളിലുമായി നിലവിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 11543 ആയിട്ടുണ്ട്. ഇതിൽ 1942 പേർ ഇതിനകം രോഗ മുക്തി നേടി. ഗൾഫ് രാജ്യങ്ങളിലെ ആകെ കൊറോണ മരണം 77 ആണ്. ഒരു മരണം മാത്രം റിപ്പോർട്ട് ചെയ്ത കുവൈത്തിലാണ് ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയത്.

വൈറസ് ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരുന്ന ഇറാനിൽ ഇത് വരെ വൈറസ് ബാധിച്ചത് 68,192 പേർക്കാണ്. അതേ സമയം ഇറാനിൽ 35,465 പേർ രോഗമുക്തി നേടുകയും ചെയ്തു. 4,232 പേരാണ് ഇറാനിൽ ഇത് വരെ മരിച്ചത്.

വൈറസിന്റെ ഉത്ഭവ സ്ഥലമായ ചൈനയിൽ നിലവിൽ വൈറസ് മൂലമുള്ള മരണം ദിനം പ്രതി ഒന്നോ രണ്ടോ എന്ന നിലയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. 81,907 പേർക്കാണ് ചൈനയിൽ വൈറസ് ബാധയേറ്റത്. അതിൽ 3,336 പേർ മരണപ്പെട്ടപ്പോൾ 77,455 പേർക്കും രോഗം ഭേദമായി.

ഇന്ത്യയിൽ ഇത് വരെ വൈറസ് ബാധയേറ്റത് 7,347 പേർക്കാണ്. ഇതിൽ 229 പേർ മരണപ്പെട്ടപ്പോൾ 641 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

ഏതായാലും ഇത് വരെ കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കാത്ത ഈ വൈറസ് വ്യാപനം എവിടെച്ചെന്ന് അവസാനിക്കുമെന്നറിയാതെ അമ്പരന്ന് നിൽക്കുകയാണ് ലോകം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്