ശരീരം മുഴുവൻ തളർന്നിട്ടും കണ്ണുകൾ കൊണ്ട് തൻ്റെ ബിസിനസ് സാമ്രാജ്യം നിയന്ത്രിച്ച സൗദി വ്യവസായി വിട പറഞ്ഞു
റിയാദ്: ശരീരം മുഴുവൻ തളർന്നിട്ടും മനസ്സ് തളരാതെ കണ്ണുകൾ കൊണ്ട് മാത്രം തൻ്റെ ബിസിനസ് സാമ്രാജ്യം നിയന്ത്രിച്ച പ്രമുഖ സൗദി വ്യവസായി സുൽത്താൻ ബിൻ മുഹമ്മദ് അൽ അദ്ൽ അന്തരിച്ചു.
ശരീരം മുഴുവൻ തളർന്നിട്ടും കർമ്മനിരതനായിരുന്ന സുൽത്താൻ ബിൻ മുഹമ്മദിനെ അറബ് ലോകത്തെ സ്റ്റീഫൻ ഹോക്കിംഗ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ 23 വർഷമായി ശരീരം മുഴുവൻ തളരുകയും സംസാര ശേഷി നഷ്ടപ്പെടുകയും ചെയ്ത സുൽത്താൻ ബിൻ മുഹമ്മദിൻ്റെ കാഴ്ചക്കും കേൾവിക്കും കാര്യങ്ങൾ തിരിച്ചറിയാനുമുള്ള കഴിവിനും മാത്രം പ്രയാസം നേരിട്ടിരുന്നില്ല.
റെസ്പിറേറ്ററി ട്യൂബ് ഉപയോഗിച്ച് ശ്വസന പ്രക്രിയ നടത്തിയിരുന്ന അദ്ദേഹം ആമാശയത്തിലേക്ക് ഘടിപ്പിച്ചിരുന്ന ട്യൂബ് വഴിയായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
ഈ ദുർഘട സാഹചര്യത്തിലും സൗദിയിലെ പ്രശസ്ത കംബനികളെ അദ്ദേഹം നേരിട്ട് നിയന്ത്രിച്ചിരുന്നുവെന്നതാണ്. അത്ഭുതം. സൗദിയിലെ SMSA-FedEx , Dunkin Donuts, AMCO തുടങ്ങിയ അദ്ദേഹത്തിൻ്റെ സംരംഭങ്ങളിൽ പ്രവാസികളടക്കമുള്ള പതിനായിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
സൗദി രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവിൻ്റെ കൂടെയുണ്ടായിരുന്ന തൻ്റെ പിതാമഹൻ സാലിഹ് ബിൻ മുഹ്സിനെക്കുറിച്ച് 2000 പേജുള്ള ഒരു പുസ്തകം സുൽത്താൻ ബിൻ മുഹമ്മദ് അൽ അദ്ൽ തൻ്റെ കണ്ണുകളുടെ സഹായത്തോടെ മാത്രം രചിച്ചുവെന്നത് വലിയ അത്ഭുതമാണ്. ആ പുസ്തകത്തിനു അന്ന് കിരീടാവകാശിയായിരുന്ന സല്മാൻ രാജാവായിരുന്നു മുഖവുര എഴുതിയിരുന്നത്.
ഇതിനു പുറമെ മറ്റു നിരവധി പുസ്തകങ്ങളും തൻ്റെ കണ്ണുകളുടെ സഹായത്തോടെ സുൽത്താൻ ബിൻ മുഹമ്മദ് അൽ അദ്ൽ രചിച്ചിട്ടുണ്ട് എന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈസ്കൂൾ പഠനം റിയാദിലും യൂണിവേഴ്സിറ്റി പഠനം അമേരിക്കയിലും പൂർത്തിയാക്കിയ സുൽത്താൻ ബിൻ മുഹമ്മദ് അൽ അദ്ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലാണു ബിരുദം നേടിയത്. ഇച്ഛാശക്തിക്ക് മുംബിൽ ഒന്നും തടസ്സമല്ലെന്ന് ലോകത്തിനു മുംബിൽ തെളിയിച്ചതിനു ശേഷമാണു സുൽത്താൻ ബിൻ മുഹമ്മദ് ഈ ലോകത്തോട് വിട പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa