ഗൾഫിൽ കോവിഡ് ബാധിതർ 14,000 കടന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത.
വെബ്‌ഡെസ്‌ക്: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14,000 കടന്നിരിക്കെ, നിയന്ത്രണങ്ങൾ ശക്തമാക്കിയേക്കുമെന്ന് സൂചന. ഏറ്റവും കൂടുതൽ രോഗബാധിതർ സൗദി അറേബ്യയിലും, ഏറ്റവും കുറവ് ഒമാനിലുമാണ് ഉള്ളത്.
കോവിഡ് കേസുകൾ ദിനംപ്രതി കൂടുമ്പോൾ ആശങ്കയിലാകുന്നത് സ്വന്തം രാജ്യത്തുപോലുമല്ലാത്ത പ്രവാസികളാണ്. രാജ്യത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനു വേണ്ടി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി ഓരോ രാജ്യത്തെയും ആരോഗ്യ മന്ത്രാലയവും പോലീസും മുന്നോട്ട് പോകുമ്പോൾ നിത്യവൃത്തിക്ക് സന്നദ്ധ സംഘടനകളുടെ ഭക്ഷ്യ കിറ്റുകൾ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്ന പതിനായിരക്കണക്കിനു പ്രവാസി തൊഴിലാളികളാണുള്ളത്.
സൗദി അറേബ്യയിൽ ശരാശരി 300 നു മുകളിലാണ് ഇപ്പോൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം. 429 പേരാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതർ. സൗദിയിൽ മാത്രം 59 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതർ പേർ രോഗം ഭേദമാകുന്നതും സൗദിയിൽ ആണ്, 761 പേർ ഇതുവരെയായി അസുഖം സുഖപ്പെട്ടിട്ടുണ്ട്. 3642 ആക്ടീവ് കേസുകളിൽ 67 പേരുടെ നില ഗുരുതരമാണ്.
ഇതിനിടെ സൗദിയിൽ മുഴുവൻ സമയ കർഫ്യു അനിശ്ചിതകാലത്തേക്ക് നീട്ടി. റമദാനിൽ തറാവീഹ് നമസ്കാരമടക്കമുള്ളവ ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
യുഎഇ യിൽ 3736 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. സൗദി അറേബ്യ കഴിഞ്ഞാൽ കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും തൊട്ടു പിന്നിലുള്ളത് യു എ ഇ യാണ്.
20 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലം യുഎഇ യിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 588 പേരുടെ അസുഖം ഭേദമായി. 648 195 ടെസ്റ്റുകൾ ഇതുവരെ യുഎഇ നടത്തിയിട്ടുണ്ട്. 3128 ആക്ടീവ് കേസുകളിൽ ഒരു കേസ് മാത്രമാണ് സീരിയസ് ആയിട്ടുള്ളത് എന്നത് പ്രതീക്ഷയേകുന്നതാണ്.
ഖത്തറിൽ 49,102 ടെസ്റ്റുകൾ നടന്നതിൽ 2979 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 7 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 275 പേർ രോഗ മുക്തരായി.
നിലവിൽ 2697 ആക്ടീവ് കേസുകളുണ്ട്. ഇതിൽ 37 പേർ സീരിയസ് കണ്ടീഷൻ ആണ്. പുതുതായി 251 പേർക്കാണ് ഖത്തറിൽ രോഗം ബാധിച്ചത്. ഇതിനിടെ ഖത്തറിൽ 8000 പേര്‍ക്ക് വരെ കിടക്കാവുന്ന പുതിയ ക്വാറന്‍റൈന്‍ സെന്‍റര്‍ കഴിഞ്ഞ ദിവസം ഉംസലാല്‍ അലിയില്‍ തുറന്നു.
കുവൈറ്റിൽ 1234 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. ജി സി സി യിൽ ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയതും കുവൈറ്റിലാണ്. ഒരു മരണമാണ് ഇതുവരെ അവിടെ നടന്നത്.
പ്രവാസികളിൽ ആണ് കുവൈറ്റിൽ അധികവും കോവിഡ് കണ്ടുവരുന്നത്. അതും ഇന്ത്യൻ പ്രവാസികൾക്കിടയിലെ കോവിഡ് കണക്ക് വളരെ ഉയർന്നതാണ്. 133 പേർ കോവിഡ് മുക്തരായി. നിലവിൽ 1091 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 29 പേരുടെ നില ഗുരുതരമാണ്. ഇന്നു പുതുതായി 80 കേസുകൾ റിപ്പോർട്ട് ചെയ്തു.
60425 പരിശോധനകൾ നടന്നതിൽ 1087 കേസുകളാണ് ബഹറൈനിൽ കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയത്. 6 മരണങ്ങൾ സംഭവിച്ചപ്പോൾ 557 പേർ രോഗ മുക്തരായി.
524 കേസുകളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്ന് പുതുതായി 47 പേർ രോഗ ബാധിതരായി. ബഹറൈനിൽ നൂറ്റി നാല്പതോളം ഇന്ത്യക്കാർ കോവിഡ് ബാധിതരാണ്.
ഒമാനിലെ ഏറ്റവും പുതിയ കണക്കനുസരിച്ച് 599 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതുതായി 53 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 109 പേർ ഇതുവരെ രോഗ മുക്തരായിട്ടുണ്ട്.
ഒമാനിൽ നിലവിൽ 487 ആക്ടീവ് കേസുകളുണ്ട്. മൂന്ന് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനിടെ കോറന്റൈനിൽ കഴിയുകയായിരുന്ന 386 വിദ്യാർത്ഥികളെ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് രോഗമില്ലെന്ന് കണ്ട് വീടുകളിലേക്ക് അയച്ചു.
ഇതിനിടെ സ്വരാജ്യത്തേക്ക് മടങ്ങാനുള്ള ഇന്ത്യൻ പ്രവാസികളുടെ മോഹത്തിനു മങ്ങലേൽപ്പിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ഈ വിഷയകമായി ഇപ്പോൾ പ്രവാസി സംഘടനകൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa