Friday, November 15, 2024
Saudi ArabiaTop Stories

ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിനങ്ങൾ; സൗദിയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്നത് വൻ വർധനവ്

ജിദ്ദ: ഇനിയുള്ള ഓരോ നിമിഷങ്ങളും സൗദിയിലെ ഓരോ വ്യക്തിയും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രതിദിനം സൗദിയിലെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണു രേഖപ്പെടുത്തുന്നത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം നൂറിൽ താഴെ മാത്രം ആദ്യ ഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ നിന്ന് മാറി ഇപ്പോൾ പ്രതി ദിനം 300 ഉം കടന്ന് 400 നുമപ്പുറം എത്തിയിരിക്കുകയാണ് എന്നത് പ്രത്യേകം ഓർക്കുക.

ഇന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി നൽകിയ റിപ്പോർട്ട് പ്രകാരം പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 472 ആണെന്നത് വരും ദിനങ്ങളിൽ ഏറെ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നുവെന്നത് ഏവരെയും ഓർമ്മപ്പെടുത്തുന്നുണ്ട്.

നിലവിൽ സൗദിയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4934 ആയി ഉയർന്നിട്ടുണ്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 65 ആയി. അതേ സമയം 44 പേർക്ക് കൂടി രോഗം ഭേദമായതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 805 ആയി വർധിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസവും നൽകുന്നു.

റിയാദിലും മദീനയിലും മക്കയിലും ജിദ്ദയിലുമാണ് പുതുതായി ഏറ്റവും കൂടുതൽ കോവിഡ് ബാധയേറ്റവരുള്ളത്. യഥാക്രമം 118, 113, 95, 80 എന്നിങ്ങനെയാണ് ഇവിടങ്ങളിൽ വൈറസ് ബാധയേറ്റ കണക്കുകൾ. തബൂക്കിൽ 22, അറാറിൽ 8, ഖുലൈസിൽ 8, ത്വാഇഫിൽ 8, ഹുഫൂഫിൽ 7, ഖമീസ് മുഷൈത്തിൽ 5, ബുറൈദയിൽ 2, ഖുൻഫുദ, നജ്രാൻ, സബ്തുൽ അലായ, അൽഖർജ്, ദഹ്രാൻ, അഹദ് റുഫൈദ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധയേറ്റ മറ്റു പ്രദേശങ്ങളുടെ വിവരങ്ങൾ. സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരമുള്ള സാമൂഹിക അകലം പാലിക്കലും കൈകൾ ഇടക്കിടെ കഴുകലുമെല്ലാം പ്രാവർത്തികമാക്കിയും മാസ്കുകൾ ധരിച്ചുമെല്ലാം പരമാവധി ജാഗ്രത പുലർത്തുകയാണു ഇനി ഓരോരുത്തരും ചെയ്യേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്