Friday, November 15, 2024
Top StoriesWorld

കൊറോണ ബാധിച്ച് മരിച്ച മുസ്‌ലിംകളെ മറവ് ചെയ്യാൻ ബ്രിട്ടനിൽ പ്രത്യേക ഖബറിടം ഒരുക്കുന്നു

വെബ്ഡെസ്ക്: കൊറോണ-കോവിഡ്19 ബാധിച്ച് മരിച്ച ബ്രിട്ടനിലെ മുസ്‌ലിംകളെ മറവ് ചെയ്യുന്നതിനായി ബ്രിട്ടീഷ് അധികാരികൾ പ്രത്യേക ഖബറിടം ഒരുക്കുന്നു.

ചിസ്‌ലെസ്റ്റിലെ കെംനൽ പാർക്ക് സെമിത്തേരിയിൽ ഒരുക്കുന്ന നീളമുള്ള ഖബറിടത്തിൽ ഒരു നിരയിൽ ഒരേ സമയം 10 മയ്യിത്തുകൾ മറവ് ചെയ്യാൻ സാധിക്കും. ഓരോരുത്തരെയും ഇസ്‌ലാമിക വിധി പ്രകാരം വെവ്വേറെയായിരിക്കും മറവ് ചെയ്യുക.

നിലവിൽ കൊറോണ ബാധിച്ച് മരിച്ച 50 മുസ്‌ലിംകളുടെ മയ്യിത്തുകൾ ബ്രിട്ടനിൽ മറവ് ചെയ്യാനുണ്ട്. നേരത്തെ കൊറോണ ബാധിച്ച് മരിച്ച 13 കാരനായ ഇസ്മയിൽ മുഹമ്മദ് അബ്ദുൽ വഹാബിനെ കഴിഞ്ഞയാഴ്ച മറവ് ചെയ്തിരുന്നു. ബ്രിട്ടനിൽ മരിച്ച കൊറോണ ബാധിതരിൽ ഏറ്റവും പ്രായം കുറവ് ഇസ്മയിൽ മുഹമ്മദിനായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇസ്മയിൽ മുഹമ്മദ് അബ്ദുൽ വഹാബിനെ മറവ് ചെയ്യുന്നു

ബ്രിട്ടനിൽ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ ഇത് വരെയുള്ള എണ്ണം 11,329 ആയി വർധിച്ചിട്ടുണ്ട്. 88,621 പേർക്കാണു ഇത് വരെ രാജ്യത്ത് വൈറസ് ബാധയേറ്റിട്ടുള്ളത്. പ്രതിദിനം വൈറസ് ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടിക്കൂടി വരികയാണ്.

ആഗോള തലത്തിൽ ഇത് വരെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,20,567 ആയി ഉയർന്നിട്ടുണ്ട്. അതേ സമയം വൈറസ് ബാധിക്കുന്നവരുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. ഇത് വരെയുള്ള റിപ്പോർട്ട് പ്രകാരം 19,36,697 പേർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ 4,58,989 പേർ രോഗമുക്തരായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്