സൗദിയിൽ കൊറോണ ബാധിതരുടെയും രോഗം ഭേദമായവരുടെയും എണ്ണത്തിൽ വൻ വർധനവ്
റിയാദ്: ഓരോരുത്തരും ഓരോ നിമിഷങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണു സൗദിയിലെ ഓരോ ദിവസത്തെയും കൊറോണ-കോവിഡ്19 രോഗ ബാധിതരുടെ എണ്ണം സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്നത്.
ഇന്ന് സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട, പുതുതായി രോഗ ബാധിതരായവരുടെ കണക്ക് ഇത് വരെ റിപ്പോർട്ട് ചെയ്ത പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്നതായിരുന്നു. 762 പേർക്കാണു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സൗദിയിൽ കൊറോണ ബാധിച്ചത്.
ഇത് വരെയുള്ള സൗദിയിലെ കൊറോണ ബാധിതരുടെ ആകെ എണ്ണം 7142 ആയി ഉയർന്നിട്ടുണ്ട്. അതിൽ 6006 കേസുകളാണ് ആക്റ്റീവ് ആയി ഉള്ളത്. 4 മരണം പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 87 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം രോഗബാധിതരുടെ എണ്ണത്തിലെ വർധനവിനിടയിലും രോഗ മുക്തി നേടിയവരുടെ എണ്ണം ആശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്. 59 പേർ പുതുതായി രോഗമുക്തി നേടിയതോടെ ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 1049 ആയി ഉയർന്നിട്ടുണ്ട്.
മക്കയിൽ 325, മദീനയിൽ 197, ജിദ്ദയിൽ 142, ഹുഫൂഫിൽ 35, റിയാദിൽ 24, ദമാമിൽ 18, ജുബൈലിൽ 4, ത്വാഇഫിൽ 3, അൽ മുവയ, ബിഷ, ഖോബാർ എന്നിവിടങ്ങളിൽ 2 കേസുകൾ വീതം, മൈസാൻ, യാംബു, ജിസാൻ, റഅസ് തനൂറ, മുളൈലിഫ്, ഖമീസ് മുഷൈത്ത്, നജ്രാൻ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതം എന്നിങ്ങനെയാണു രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊറോണ ബാധിച്ചതിൻ്റെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa