സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം പതിനായിരം കടന്നു;മരണ സംഖ്യ 100 പിന്നിട്ടു
റിയാദ്: പുതുതായി 1122 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 10484 ആയി ഉയർന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
8891 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇന്ന് 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 103 ആയി. പുതുതായി 92 പേർക്കാണു രോഗം ഭേദമായത്. ഇതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 1490 ആയി ഉർന്നിരിക്കുകയാണ്. നിലവിൽ 88 രോഗികൾ ഗുരുതരാവസ്ഥയിലാണുള്ളത്.
കൊറോണ ബാധിതരെ കണ്ടെത്തുന്നതിനുള്ള ഫീൽഡ് വർക്കുകൾ വിജയം കാണുന്നുവെന്നതിൻ്റെ ലക്ഷണമാണു വൈറസ് ബാധിതരുടെ എണ്ണം ഇതിനകം വർധിക്കാൻ കാരണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ഏരിയകളിലുമെല്ലാം ആരോഗ്യ പ്രവർത്തകർ നേരിട്ട് ചെന്ന് പരിശോധന നടത്തുകയാണു ചെയ്യുന്നത്.
ലേബർ ക്യാംബുകളിൽ വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണം ശക്തമാക്കുന്നതിനു തൊഴി ലാളികളുടെ ഭാഷകളിലടക്കം ഉദ്ബോധനം ചെയ്യുന്ന സന്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്നുണ്ട്. ഇതിനകം ഹിന്ദി ഭാഷയിലുള്ള സന്ദേശങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്.
മക്കയിൽ 402, റിയാദിൽ 200, ജിദ്ദയിൽ 186, മദീനയിൽ 120, ദമാമിൽ 78, ഹുഫൂഫിൽ 63, ജുബൈലിൽ 39, ത്വാഇഫിൽ 16, ഖോബാറിൽ 5, അബഹയിൽ 3, ബുറൈദയിലും നജ്രാനിലും 3 വീതം, അൽ മള്ള, യാംബു, സൽഫി, ദിർഇയ എന്നിവിടങ്ങളിൽ 1 വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധിച്ചതിൻ്റെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa