Friday, November 15, 2024
Saudi ArabiaTop Stories

ഔദയിൽ ഇന്ത്യ ഇപ്പോഴില്ല; ഔദ വഴി മടങ്ങുന്നവർക്ക് ആവശ്യമായ 5 നിബന്ധനകളും ഔദ സർവീസ് നിലവിൽ ലഭിക്കുന്ന രാജ്യങ്ങളും അറിയാം

ജിദ്ദ: സൗദിയിൽ നിന്നും നിലവിൽ സാഹചര്യത്തിൽ സ്വദേശങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എക്സിറ്റോ റി എൻട്രിയോ ഉള്ള വിദേശികൾക്ക് മടങ്ങുന്നതിനുള്ള അപേക്ഷ സ്വന്തം നിലയിൽത്തന്നെ സമർപ്പിക്കാൻ അനുവദിക്കുന്ന അബ്ഷിറിലെ ഔദ സംവിധാനം വഴി നിലവിൽ വളരെ ചുരുക്കം രാജ്യങ്ങളിലുള്ളവർക്ക് മാത്രമേ മടങ്ങാൻ സാധിക്കുന്നുള്ളൂ എന്നാണു ജവാസാത്ത് അറിയിപ്പിൽ നിന്നും വ്യക്തമാകുന്നത്.

ഏതൊക്കെ രാജ്യക്കാർക്കാണു നിലവിൽ ഈ സൗകര്യം ലഭ്യമാക്കുക എന്ന ചോദ്യത്തിനായിരുന്നു ജവാസാത്ത് അധികൃതർ മറുപടി നൽകിയത്. ഈജിപ്ത്, ഫിലിപൈൻസ്, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കാണു ഇപ്പോൾ ഔദ വഴി മടങ്ങാൻ സാധിക്കുന്നത് എന്നാണു ജവാസാത്ത് അറിയിപ്പിൽ നിന്നും വ്യക്തമാകുന്നത്.

നിലവിൽ ഈ 6 രാജ്യങ്ങളിൽ നിന്നുള്ള എക്സിറ്റ്, റി എൻട്രി, എല്ലാ തരം വിസിറ്റിംഗ് വിസകളും, ടൂറിസ്റ്റ് വിസകളും ഉള്ളവർക്കെല്ലാം സ്വദേശങ്ങളിലേക്ക് ഔദ വഴി മടങ്ങാൻ സാധിക്കും.

ഇന്ത്യക്കാരടക്കമുള്ള നിരവധി രാജ്യക്കാർക്ക് നിലവിൽ ഈ സേവനം ലഭ്യമാകുന്നത് ആരംഭിച്ചിട്ടില്ല. ഈ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുന്നത് മുതലായിരിക്കും ഔദ സർവീസ് ആരംഭിക്കുക എന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഇന്ത്യക്കാർ ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രം ഔദയെക്കുറിച്ചും എക്സിറ്റ്, റി എൻട്രി എന്നിവ ഇഷ്യു ചെയ്യുന്നതിനെക്കുറിച്ചും മറ്റും ആലോചിച്ചാൽ മതി എന്ന് ചുരുക്കം.

അതേ സമയം ഭാവിയിൽ വിമാന സർവീസ് ആരംഭിക്കുകയാണെങ്കിൽ ഔദ വഴി മടങ്ങുന്നതിനു അനുമതി ലഭിക്കുന്നതിനു 5 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.എന്നാണു ജവാസാത്ത് അറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

അപേക്ഷകൻ്റെ ഫിംഗർ പ്രിൻ്റ് ജവാസാത്ത് സിസ്റ്റത്തിൽ ഉണ്ടായിരിക്കണം. അപേക്ഷകനു സാധുതയുള്ള ഒരു വിസ ഉണ്ടായിരിക്കണം. സാധുതയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. ഏതെങ്കിലും രീതികളിലുള്ള സുരക്ഷാ പ്രശ്നങ്ങൾ അപേക്ഷകനുണ്ടായിരിക്കരുത്. അപേക്ഷകൻ പോകാനുദ്ദേശിക്കുന്ന സ്ഥലം ഔദ ആനുകൂല്യത്തിൽ ഉൾപ്പെടുന്ന രാജ്യത്തിൽ ആയിരിക്കണം എന്നീ 5 നിബന്ധനകൾ പാലിച്ചിരിക്കണം.

അബ്ഷിർ അക്കൗണ്ട് ഇല്ലാത്തവർക്കും അബ്ഷിർ സൈറ്റ് വഴി ഈ ആനുകൂല്യത്തിനു അപേക്ഷിക്കാം. ആരോഗ്യപരമായും മറ്റും പ്രയാസമനുഭവിക്കുന്ന നിരവധി ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലെത്തുന്നതിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ മടക്കയാത്ര ഇപ്പോഴും അനിശ്ചിതത്വത്തിലാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്