Friday, November 15, 2024
Saudi ArabiaTop Stories

സ്വദേശികളുടെയും, വിദേശികളുടെയും സംരക്ഷണവും, ആരോഗ്യവും ഉറപ്പുവരുത്തുമെന്ന് സൽമാൻ രാജാവ്.

റിയാദ്: അനുഗ്രഹീതമായ റമദാൻ മാസത്തിന്റെ വരവിൽ വിശുദ്ധ ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജ്യത്തിലെയും ലോകത്തിലെയും മുസ്‌ലിംകളെ അഭിവാദ്യം ചെയ്തു. 

കോവിഡ്-19 മൂലമുണ്ടായ ഈ ദുഖകരമായ അവസ്ഥയെ അതിജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആക്ടിംഗ് മാധ്യമമന്ത്രി മജീദ് അൽ ഖസാബിയുടെ വാക്കുകളിലൂടെ രാജാവ് അടിവരയിട്ടു.

ദൈവത്തിന്റെ ഭവനങ്ങളിൽ തറാവീഹ്, ക്വിയാമുല്ലൈൽ പ്രാർത്ഥനകളും മറ്റു പ്രാർത്ഥനകളുമില്ലാത്ത ഈ അവസ്ഥയിൽ പരിശുദ്ധ റമദാനിനെ വരവേൽക്കുന്നത് വേദനയോടെയാണെന്ന് രാജാവ് പറഞ്ഞു.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് റമദാൻ മാസത്തിൽ അനുഷ്ഠാനങ്ങൾ സുഗമമായി നടത്തുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകളിൽ രാജാവ് ദുഃഖം പ്രകടിപ്പിച്ചു.

കൊറോണ വൈറസിനെ നേരിടുന്നതിലൂടെ മനുഷ്യരുടെ ജീവൻ രക്ഷിക്കാനുള്ള മുൻകരുതൽ നടപടികളും അവരുടെ ക്ഷേമവുമാണ് ഇതിന് കാരണമെന്നും ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകളിൽ മനുഷ്യജീവിതത്തെ സംരക്ഷിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

പൗരന്മാർക്കും പ്രവാസികൾക്കും സേവനം നൽകുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാജ്യം ശ്രദ്ധാലുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക നടപടികളിലൂടെയും മാനവികതയെ സേവിക്കുന്നതിൽ അന്താരാഷ്ട്ര സംഘടനകൾക്ക് നൽകുന്ന പിന്തുണയിലൂടെയും ഈ മഹാമാരിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും രാജ്യം സംഭാവന ചെയ്യുന്നു.

അതിർത്തികളിലെ സുരക്ഷാ ഉദ്യോഗസ്ഥരോടും ആരോഗ്യ പരിശീലകരോടും സായുധ സേനയ്ക്കും രാജാവ് നന്ദി പറഞ്ഞു. “ദൈവം നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും വിജയിപ്പിക്കുകയും രാജ്യത്തെ സേവിക്കുന്നതിലെ നിങ്ങളുടെ ആത്മാർത്ഥതയെ നിങ്ങളിൽ നിന്ന് സ്വീകരിക്കുകയും ചെയ്യട്ടെ” എന്ന് പ്രാർത്ഥിച്ചു.

നിരവധി രാഷ്ട്ര തലവന്മാർ സൽമാൻ രാജാവിനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു, റമദാൻ തലേന്ന് സൽമാൻ രാജാവിനെയും കിരീടാവകാശിയെയും സർക്കാരിനെയും സൗദി അറേബ്യയിലെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെയും സൗദി സുപ്രീം കോടതി അഭിനന്ദിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa