സൗദിയിൽ ബൂഫിയകൾ തുറക്കുന്നതിനുള്ള അനുമതി പ്രവാസികൾക്ക് ഗുണം ചെയ്യുമോ ?
ജിദ്ദ: കർഫ്യൂ നില നിൽക്കെ തന്നെ ബൂഫിയകളടക്കമുള്ള നിരവധി സംരംഭങ്ങൾ പ്രവർത്തിക്കുന്നതിനു അനുമതി നൽകുന്നത് ബൂഫിയകൾ നടത്തുന്ന പ്രവാസികൾക്ക് എത്രമാത്രം ഗുണം ചെയ്യും എന്ന ചോദ്യം ഉയരുന്നുണ്ട്.
നിലവിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയാണു കർഫ്യൂ സമയത്ത് പുറത്തിറങ്ങാൻ അനുമതിയുള്ള സമയം. ഇതിൽ തന്നെ മുഴുവൻ സമയം കർഫ്യൂ ഏർപ്പെടുത്തിയ ഏരിയകളിൽ ഭക്ഷണ സാധനങ്ങൾ, ആരോഗ്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.
ഈ സാഹചര്യത്തിൽ ബൂഫിയകളിൽ കൗണ്ടർ പാർസൽ സർവീസിനു അനുമതി ലഭിക്കുകയാണെങ്കിൽ തന്നെ വൈകുന്നേരം 3 മണി മുതൽ 5 മണി വരെ മാത്രമേ വില്പന സാധ്യമാകുകയുള്ളൂ എന്നതാണു വസ്തുത. ഈ രണ്ട് മണിക്കൂറിനുള്ളിൽ അകലം പാലിക്കൽ അടക്കമുള്ള നിബന്ധനകളും മറ്റും പാലിച്ച് വില്പന നടത്തുന്നതിനുള്ള പരിമിതികൾ ആലോചിക്കാവുന്നതേ ഉള്ളൂ.
അതേ സമയം 5 മണിക്ക് ശേഷം പുലർച്ചെ 3 മണി വരെ ഓൺലൈൻ ഡെലിവറിയും സ്വന്തം വാഹനത്തിൽ എത്തിച്ച് നൽകുന്നതുമെല്ലാം സാധ്യമായാൽ തന്നെയും അത് എത്രത്തോളം പ്രായോഗികമാകും എന്നത് ചോദ്യച്ഛിഹ്നമാണ്.
കാരണം ഭക്ഷണ സാധനങ്ങൾ തുറക്കാതെ നല്ല രീതിയിൽ അടച്ച് തന്നെ കസ്റ്റമർക്ക് എത്തിച്ച് നൽകണം എന്നത് പ്രധാനമാണ്. കൂടാതെ നിലവിൽ റസ്റോറന്റുകൾ ഫുഡ് ഡെലിവറിക്ക് നിലവിൽ ഈടാക്കുന്ന നിരക്ക് തുലനം ചെയ്യുമ്പോൾ ബൂഫിയകളിൽ നിന്ന് ഭക്ഷണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഡെലിവറി ചാർജ്ജ് ഒരിക്കലും സ്വീകര്യമാകാൻ സാധിക്കുകയില്ല എന്നുറപ്പാണ്. ഡെലിവറി ചാർജ്ജ് ഇല്ലാതെ ഭക്ഷണം എത്തിച്ച് നൽകാൻ ബൂഫിയ നടത്തുന്നവർക്കും ആലോചിക്കാൻ കഴിയില്ല എന്നതും ഒരു വസ്തുതയാണ്. ചുരുക്കത്തിൽപ്രവാസികൾ നടത്തുന്ന സാധാരണ ബൂഫിയകൾക്ക് പുതിയ അനുമതി കൊണ്ട് ഫലം ലഭിക്കാൻ സാധ്യതയില്ല എന്നാണ് മനസിലാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa